നെയ്യോ, വെളിച്ചെണ്ണയോ? വണ്ണം കുറയ്ക്കാന്‍ നല്ലതേത്..
1 min readകീറ്റോസിസിന് (കൊഴുപ്പിനെ ഊര്‍ജമാക്കി ഉപയോഗിക്കുക) ശരീരത്തെ പ്രേരിപ്പിക്കുന്ന മീഡിയം ചെയിന്‍ കൊഴുപ്പാണ് വെളിച്ചെണ്ണയിലും നെയ്യിലും ഉള്ളത്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട കാര്യങ്ങളിലൊന്നാണ് ആഹാരം. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരസാധനങ്ങ ഏതൊക്കെയാണെന്നും വണ്ണം കൂട്ടുന്നവയേതാണെന്നും കൃത്യമായി അറിഞ്ഞുവേണം കഴിക്കേണ്ട സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍. അതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എണ്ണയും. മിക്ക ആളുകളും സംസ്‌കരിച്ച എണ്ണയോ വെജിറ്റബിള്‍ ഓയിലോ ആണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാറ്. എന്നാല്‍ അവയേക്കാള്‍ മികച്ച, ആരോഗ്യദായകമായ നിരവധി ഓപ്ഷനുകള്‍ ഇന്നുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്ന രണ്ട് സാധനങ്ങളാണ് നെയ്യും എണ്ണയും. ആരോഗ്യദായകവും അനവധി ജീവകങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഏതാണ് ഏറ്റവും ഗുണകരമെന്ന് പലപ്പോഴും സംശയം ഉയറാറുണ്ട്.
വണ്ണം കുറയ്ക്കാനുള്ള കഴിവ് പ്രത്യേകിച്ച് ഒരു എണ്ണയ്‌ക്കോ സ്വാഭാവിക കൊഴുപ്പിനോ (നാച്ചുറല്‍ ഫാറ്റ്) ഇല്ലെന്നതാണ് സത്യം. എന്നാല്‍ ചില എണ്ണകളും സ്വാഭാവിക കൊഴുപ്പുകളും മറ്റുള്ളവയേക്കാള്‍ മികച്ചതാണ്. ജീവകം എ, ഡി, ഇ, കെ തുടങ്ങി പ്രധാന പോഷകങ്ങളുടെ ആഗിരണത്തിന് കൊഴുപ്പ് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ വെളിച്ചെണ്ണയും നെയ്യും ഒരുപോലെ മികച്ചതാണ്. ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും അവ സഹായിക്കും.
ഭക്ഷണം പാകം ചെയ്യാന്‍ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. സംസ്‌കരിച്ച എണ്ണകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിനെ പെട്ടന്ന് ഉരുക്കുന്ന തെര്‍മോജെനിക് (ചൂടുണ്ടാക്കുന്ന) ആണ് വെളിച്ചെണ്ണ. ശരീരം വണ്ണം വെക്കാന്‍ കാരണമാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അനാവശ്യവസ്തുക്കളും ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. മാത്രമല്ല വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ദഹനവ്യവസ്ഥയ്ക്ക് എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സാധിക്കുകയും മെറ്റബോളിസത്തെ സഹായിക്കുകയും ചെയ്യും. ഇവ കൂടാതെ വെളിച്ചെണ്ണയ്ക്ക് ഫംഗസുകളെയും അണുബാധയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഒരു ടേബിള്‍ സ്പൂള്‍ വെളിച്ചെണ്ണയില്‍ 121 കലോറിയും, 13.5 ഗ്രാം കൊഴുപ്പും (ഇതില്‍ 11.2 ഗ്രാം പൂരിത കൊഴുപ്പാണ്), 0 മില്ലിഗ്രാം കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നു. വെന്ത വെളി്ച്ചയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
വെളിച്ചെണ്ണ പോലെ പണ്ടുകാലം മുതല്‍ക്കേ അടുക്കളകളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് നെയ്യ്. വണ്ണം കുറയ്ക്കാന്‍ നെയ്യ് നല്ലതാണെന്ന് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നെയ്യില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. ജീവകങ്ങളായ എ, ഡി, കെ എന്നിവ നെയ്യില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല പെട്ടന്ന് പുകഞ്ഞ് പോകില്ല എന്നത് കൊണ്ട് ഭക്ഷണം പാകം ചെയ്യാനും ഇവ മികച്ചതാണ്. കൊഴുപ്പിന്റെ സംശുദ്ധ രൂപമായ നെയ്യില്‍ പാലിലെ മാംസ്യം (കേസിയന്‍) അടങ്ങിയിട്ടില്ല എന്നതിനാല്‍ പാലുല്‍പ്പന്നങ്ങള്‍ പറ്റാത്ത ആളുകള്‍ക്കും നെയ്യ് ഉപയോഗിക്കാം. മാത്രമല്ല, ദഹനത്തെ സഹായിക്കുന്ന പല എന്‍സൈമുകളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്.
ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ ശരാശരി 115 കലോറിയും 9.3 ഗ്രാം പൂരിത കൊഴുപ്പും 0 കാര്‍ബോഹൈഡ്രേറ്റും 38.4 ഗ്രാം കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നു. മാത്രമല്ല ശരീരത്തിനാവശ്യമായ അവശ്യ ജീവകങ്ങളെ കൂടാതെ കാല്‍സ്യവും നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കീറ്റോസിസിന് (കൊഴുപ്പിനെ ഊര്‍ജമാക്കി ഉപയോഗിക്കുക) ശരീരത്തെ പ്രേരിപ്പിക്കുന്ന മീഡിയം ചെയിന്‍ കൊഴുപ്പാണ് വെളിച്ചെണ്ണയിലും നെയ്യിലും ഉള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കുമെന്ന് പറയാനുള്ള ഒരു കാരണം അതാണ്. ചുരുക്കത്തില്‍ വ്യത്യസ്തരീതികളില്‍ ഇവ രണ്ടും ശരീരഭാരം കുറയ്ക്കാന്‍ ഗുണകരമാണ്. നെയ്യിനെ അപേക്ഷിച്ച് വെളിച്ചെണ്ണയില്‍ കലോറിയുടെ അളവ് അല്‍പ്പം കൂടുതലാണ്. മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിന് വെളിച്ചെണ്ണയേക്കാള്‍ കുറച്ചുകൂടി നല്ലത് നെയ്യാണ്. എന്നാല്‍ വീഗന്‍ ഭക്ഷണക്രമം പിന്തുടരുന്നവരെ സംബന്ധിച്ചെടുത്തോളം പാലിന്റെ അംശം ഒട്ടുമില്ല എന്നതിനാല്‍ വെളിച്ചെണ്ണയാണ് നല്ലത്. പോഷകഗുണങ്ങളില്‍ ഏതാണ്ട് ഒരുപോലെ ആണെങ്കിലും പെട്ടന്ന് വണ്ണം കുറയാന്‍ നെയ്യിനേക്കാള്‍ മികച്ചത് വെളിച്ചെണ്ണയാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.
വണ്ണം കുറയ്ക്കുന്നതില്‍ കൊഴുപ്പ് വളരെ പ്രധാനപ്പെട്ടതാണെങ്കിലും മിതമായ അളവില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ. നെയ്യ് ആയാലും വെളിച്ചെണ്ണ ആയാലും കൂടുതല്‍ അളവില്‍ ഉപയോഗിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, സംസ്‌കരിക്കാത്ത ഓര്‍ഗാനിക് രൂപത്തിലുള്ള വെളിച്ചെണ്ണയും നെയ്യുമാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.