ബില്യണയേര്‍സ് സൂചിക, ഏഷ്യയിലെ രണ്ടാമത്തെ പണക്കാരന്‍ ഇനി അദാനിയല്ല
ന്യൂഡെല്‍ഹി: ഈ ആഴ്ച ഓഹരി വിപണികളിലുണ്ടായ തിരിച്ചടികളുടെ ഫലമായ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരന്‍ എന്ന പദവി നഷ്ടമായി. അദാനി ഗ്രൂപ്പ് കമ്പനികളിലെ എഫ്പിഐ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള ആശങ്കകളുടെ ഫലമായി നാല് ദിവസത്തിനുള്ളില്‍ 12 ബില്യണ്‍ ഡോളറാണ് അദാനിക്ക് നഷ്ടമായത്.
ഈ ആഴ്ച തുടക്കത്തില്‍ 74.9 ബില്യണ്‍ ഡോളറില്‍ നിന്ന് അദാനിയുടെ ആസ്തി 62.7 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് ഫോബ്സ് റിയല്‍ ടൈം ബില്യണയര്‍ സൂചികയില്‍ പറയുന്നു. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കു പിന്നില്‍ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായി സ്ഹോങ് ഷാന്‍ഷാന്‍ തിരിച്ചെത്തി. സമ്പന്ന പട്ടികയില്‍ ഷാന്‍ഷന്‍റെ സ്വത്ത് 68.9 ബില്യണ്‍ ഡോളറും അംബാനിയുടെ സമ്പത്ത് 85.6 ബില്യണ്‍ ഡോളറുമാണ്.
അദാനി എന്‍റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ ഓഹരികള്‍ തിങ്കളാഴ്ച എഫ്പിഐ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ആഴ്ചയുടെ തുടക്കത്തില്‍, അദാനിയുടെ ആസ്തി 77 ബില്യണ്‍ ഡോളറിനു മുകളിലായിരുന്നു.