വന്‍ ഇടിവിന് ശേഷം ജൂണില്‍ ഇന്ധന ആവശ്യകത വീണ്ടെടുത്തു
ന്യൂഡെല്‍ഹി: മേയില്‍ ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഇന്ധന ആവശ്യകത ജൂണില്‍ വീണ്ടെടുപ്പ് പ്രകടമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതും കൊറോണ വ്യാപനം നിയന്ത്രിക്കപ്പെട്ടതുമാണ് ഇതിന് കാരണം. ഇന്ധന ഉപഭോഗം ജൂണില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനം ഉയര്‍ന്ന് 16.33 ദശലക്ഷം ടണ്ണായി. 2021 മെയ് മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധന. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്‍റെ (പിപിഎസി) കണക്കുകള്‍ വ്യക്തമാക്കുന്നു.
പെട്രോള്‍ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 5.6 ശതമാനം ഉയര്‍ന്ന് ജൂണില്‍ 2.4 ദശലക്ഷം ടണ്ണായി. മേയ് മാസത്തിലെ 1.99 ദശലക്ഷം ടണ്‍ വില്‍പ്പനയില്‍ നിന്ന് 21 ശതമാനം വര്‍ധന. രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസല്‍ മേയിനെ അപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്ന് 6.2 ദശലക്ഷം ടണ്ണായി ഉയര്‍ന്നുവെങ്കിലും ഇത് 2020 ജൂണില്‍ നിന്ന് 1.5 ശതമാനവും 2019 ജൂണില്‍ നിന്ന് 18.8 ശതമാനവും കുറവാണ്.
മാര്‍ച്ചിന് ശേഷം ഇന്ധന ആവശ്യകതയില്‍ ഉണ്ടാകുന്ന ആദ്യത്തെ പ്രതിമാസ വര്‍ധനവാണിത്. കോവിഡ് 19 അണുബാധയുടെ രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുമ്പ് മാര്‍ച്ചില്‍ ഇന്ധന ആവശ്യം സാധാരണ നിലയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാംതരംഗം ശക്തമായതോടെ വന്ന നിയന്ത്രണങ്ങള്‍ പിന്നീട് ഇന്ധന ഉപഭോഗം കുറച്ചു.