ഒക്റ്റോബര്‍-ഡിസംബര്‍ ഗ്രാമീണ ഉപഭോഗത്തില്‍ 14.2% വളര്‍ച്ച, മെട്രോ വിപണികളും വളര്‍ച്ചയില്‍ തിരിച്ചെത്തി
1 min readഇന്ത്യയിലെ മൊത്തത്തിലുള്ള എഫ്എംസിജി വ്യവസായം, 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടി
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പ് രാജ്യത്തിന്‍റെ മെട്രോ, ടയര്‍ -1 നഗരങ്ങളേക്കാള്‍ ഗ്രാമീണ വിപണികളില്‍ ഊര്‍ജ്ജസ്വലമാണെന്ന് വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണിന്‍റെ റിപ്പോര്‍ട്ട്.
ഭക്ഷണം, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ ഉപഭോക്തൃ ഡ്യൂറബിളുകള്‍ എന്നിവയ്ക്കായുള്ള ഷോപ്പിംഗില്‍ ഗ്രാമീണ ഉപഭോക്താക്കള്‍ അവരുടെ നഗര ഉപഭോക്താക്കളേക്കാള്‍ വേഗത്തില്‍ മുന്നേറുന്നു എന്നാണ് നീല്‍സണ്‍ ഐക്യു-ന്‍റെ റീട്ടെയ്ല്‍ ഇന്‍റലിജന്‍സ് ടീം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഗ്രാമീണ വിപണിയില്‍ 14.2 ശതമാനം വളര്‍ച്ചയുണ്ടായി. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ 10.6 ശതമാനം വളര്‍ച്ചയില്‍ നിന്ന് കാര്യങ്ങള്‍ മെച്ചപ്പെട്ടു.
കാര്‍ഷികമേഖലയുടെ അനുകൂല പ്രകടനം, ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍, പകര്‍ച്ചവ്യാധി ഗ്രാമീണ മേഖലകളെ താരതമ്യേന കുറവ് മാത്രം ബാധിച്ചത് എന്നിവയെല്ലാമാണ് ഈ ശക്തമായ വീണ്ടെടുക്കലിന് കാരണമായത്. രാജ്യത്തിന്‍റെ മെട്രോ വിപണികളും എഫ്എംസിജി വില്‍പ്പനയില്‍ പോസിറ്റിവ് വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ കഴിഞ്ഞ പാദത്തില്‍ 0.8 ശതമാനം വില്‍പ്പന വളര്‍ച്ചയുണ്ടായെന്നാണ് നിഗമനം. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് പാദങ്ങളില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യയിലെ മൊത്തത്തിലുള്ള എഫ്എംസിജി വ്യവസായം, 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ 7.3 ശതമാനം വളര്‍ച്ച നേടി. “ഇന്ത്യന്‍ ഉപഭോക്താവിന് ദുഷ്കരമായ വര്‍ഷമാണെങ്കിലും, 2020 അവസാന പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് മാറാന്‍ തുടങ്ങിയതോടെ ഉപഭോഗം വീണ്ടെടുക്കുന്നതായി കണ്ടു. ഉത്സവകാലം ഉപഭോക്തൃ വികാരങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കി,” നീല്‍സന്‍ ഐക്യു റീട്ടെയില്‍ ഇന്‍റലിജന്‍സ് ഇന്ത്യന്‍ മേധാവി ദിപ്താന്‍ഷു റേ പറയുന്നു.
ശുചിത്വം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് എന്നീ വിഭാഗങ്ങള്‍ ഉയര്‍ന്ന മൂല്യവളര്‍ച്ച പ്രകടമാക്കി. ഈ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 46 ശതമാനം വളര്‍ച്ച പ്രകടമാക്കി. 34 ശതമാനമാണ് ഇവയുടെ മൊത്തം ഉപഭോഗ വളര്‍ച്ച. ഹോം ആന്‍ഡ് പേഴ്സണല്‍ കെയര്‍ ഉല്‍പ്പനങ്ങളുടെ വില്‍പ്പന അളവില്‍ 5 ശതമാനം വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ പ്രകടമായി. ഭക്ഷ്യ വിഭാഗങ്ങള്‍ 10 ശതമാനം വളര്‍ച്ച കൈവരിച്ചു.
ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ധാരാളം ചെറിയ ബ്രാന്‍ഡുകള്‍ക്കും പ്രാദേശിക ബ്രാന്‍ഡുകള്‍ക്കും പ്രാമുഖ്യം നേടാനായി. നീല്‍സണ്‍ റിപ്പോര്‍ട്ട് അനുസരിച്ച് 100 കോടിയില്‍ താഴെ വാര്‍ഷിക വില്‍പ്പന വിറ്റുവരവുള്ള ചെറുകിട എഫ്എംസിജി നിര്‍മാതാക്കള്‍ക്ക് ഡിസംബര്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വളര്‍ച്ച സ്വന്തമാക്കാനായി.
കൊറോണ സൃഷ്ടിച്ച നിയന്ത്രണങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ ഉപഭോക്താക്കളിലേക്ക് എത്താനും ഉല്‍പ്പാദനം മുന്നോട്ടുകൊണ്ടുപോകാനും ഈ കമ്പനികള്‍ക്കായി.
എന്നിരുന്നാലും, 600 കോടിയിലധികം വാര്‍ഷിക വില്‍പ്പനയുള്ള വന്‍കിട നിര്‍മ്മാതാക്കളും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപഭോഗത്തിന്‍റെ അളവില്‍ 4 ശതമാനം വളര്‍ച്ച ഈ കമ്പനികള്‍ക്ക് മൊത്തമായി ഉണ്ടായി. വില്‍പ്പന മൂല്യത്തില്‍ 5 ശതമാനം വളര്‍ച്ച സ്വന്തമാക്കാനുമായി.