ഫ്‌ളൈദുബായ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നു
കൃത്യമായൊരു തീയ്യതി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഘെയ്ത് അല്‍ ഘെയ്ത്
ദുബായ്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ( ജിസിസിഎ ) പിന്‍വലിച്ചതിന് പിന്നാലെ യുഎഇയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ളൈദുബായ് മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നു.
സുരക്ഷാ ഭീതിയെത്തുടര്‍ന്ന് പറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ 20 മാസം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശേഷമാണ് വീണ്ടും സര്‍വീസിനെത്തുന്നത്. നിര്‍മാതാക്കള്‍, ജിസിസിഎ, എയര്‍ലൈനുകള്‍, പൈലറ്റുമാര്‍, ഗവേഷകര്‍, മെക്കാനിക്കുകള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് നടത്തിയ അവലോകനത്തില്‍ സോഫ്റ്റ്വെയറിലടക്കം വിമാനത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. പൈലറ്റുമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ ചൂണ്ടിക്കാട്ടയിരുന്നു.
ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന് ശേഷമാവും മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കുകയെന്ന് ഫ്ളൈദുബായ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. പതിനൊന്ന് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളും മൂന്ന് ബോയിങ് 737 മാക്‌സ് 9 വിമാനങ്ങളുമാണ് ഫ്ളൈദുബായ്ക്കുള്ളത്. 737 മാക്‌സ് വിമാനങ്ങള്‍ ഫ്്‌ളൈദുബായുടെ അവിഭാജ്യ ഘടകമാണെന്നും യാത്രാ വിമാനമെന്ന നിലയിലുള്ള മാക്‌സ് വിമാനങ്ങളുടെ തിരിച്ചുവരവില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഘെയ്ത് പറഞ്ഞു. അതേസമയം മാക്‌സ് വിമാനങ്ങള്‍ സര്‍വീസില്‍ തിരിച്ചെത്തുന്ന എപ്പോഴായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഘെയ്ത് കൂട്ടിച്ചേര്‍ത്തു. പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ഫ്‌ളൈദുബായ് പൈലറ്റുമാര്‍ക്ക് മാത്രമേ മാക്‌സ് വിമാനങ്ങള്‍ പറത്താന്‍ അനുവാദം ലഭിക്കൂ.
ചരിത്രത്തിലെ തന്നെ ഏറ്റവും കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മാക്‌സ് വിമാനങ്ങള്‍ സര്‍വീസില്‍ തിരിച്ചെത്തുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇതിനോടകം തന്നെ മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ച് കഴിഞ്ഞു.