ഫേസ്ബുക്ക് ‘ബുള്ളറ്റിന്‍’ ന്യൂസ്‌ലെറ്റര്‍ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു
സൗജന്യമായും പണം അടച്ചുമുള്ള ലേഖനങ്ങളും പോഡ്കാസ്റ്റുകളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിരിക്കും
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഫേസ്ബുക്ക് പുതുതായി ‘ബുള്ളറ്റിന്‍’ എന്ന ന്യൂസ്‌ലെറ്റര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. സൗജന്യമായും പണം അടച്ചുമുള്ള ലേഖനങ്ങളും പോഡ്കാസ്റ്റുകളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിരിക്കും. പുതിയ ഉല്‍പ്പന്നം പുറത്തിറക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സബ്സ്റ്റാക്കിനെയാണ് ഫേസ്ബുക്ക് വെല്ലുവിളിക്കുന്നത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചത്. ബുള്ളറ്റിന്‍.കോം എന്ന പ്രത്യേക വെബ്‌സൈറ്റില്‍ നടന്ന ലൈവ് പരിപാടിയില്‍ ചില എഴുത്തുകാരെ പരിചയപ്പെടുത്തുകയും ചെയ്തു.
പ്രശസ്ത മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കഴിഞ്ഞ വര്‍ഷങ്ങളില്‍ മാധ്യമസ്ഥാപനങ്ങള്‍ വിടുകയും സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അതിവേഗം വളരുന്ന ഇമെയില്‍ ന്യൂസ്‌ലെറ്റര്‍ പ്രവണതയിലേക്ക് ഫേസ്ബുക്ക് പ്രവേശിക്കുകയാണ്. ബുള്ളറ്റിന്‍ ക്രിയേറ്റര്‍മാരുടെ വരുമാനത്തില്‍ തങ്ങള്‍ അവകാശം ഉന്നയിക്കില്ലെന്നും സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഓരോ എഴുത്തുകാര്‍ക്കും നിശ്ചയിക്കാമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഫേസ്ബുക്ക് ന്യൂസ് ഫീഡിലും ഫേസ്ബുക്കിന്റെ ‘ന്യൂസ്’ വിഭാഗത്തിലും കൂടി ലേഖനങ്ങളും പോഡ്കാസ്റ്റുകളും ലഭ്യമായിരിക്കും. നിലവില്‍ ബീറ്റ പരീക്ഷണം നടക്കുകയാണ്.
സെല്‍ഫ് പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമായ ‘സബ്‌സ്റ്റാക്ക്’ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. ഇ മെയില്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി പണം സമ്പാദിക്കുന്നതിന് എഴുത്തുകാരെ സഹായിക്കുകയാണ് സബ്സ്റ്റാക്ക്. മുന്‍കൂറായി പണം നല്‍കി മാധ്യമപ്രവര്‍ത്തകരെയും സബ്സ്റ്റാക്ക് ആകര്‍ഷിക്കുന്നു. മറ്റ് ടെക് കമ്പനികളും ഈ മേഖലയിലേക്ക് പ്രവേശിക്കുകയാണ്. ‘റെവ്യൂ’ എന്ന ന്യൂസ്‌ലെറ്റര്‍ പ്ലാറ്റ്‌ഫോമിനെ ട്വിറ്റര്‍ ഈയിടെ ഏറ്റെടുത്തിരുന്നു.
വാര്‍ത്താ വ്യവസായവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പണ്ടുമുതലേ ശക്തമായ ബന്ധം നിലനിര്‍ത്തുന്നു. ഉള്ളടക്കത്തിന് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഫേസ്ബുക്ക് ഉടക്കിയിരുന്നു. ഇതേതുടര്‍ന്ന്, വാര്‍ത്താ വ്യവസായത്തില്‍ ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കൂടാതെ, തങ്ങളുടെ ന്യൂസ് പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമിനുവേണ്ടി എഴുതുന്നതിന് തദ്ദേശീയമായി മാധ്യമപ്രവര്‍ത്തകരെ നിയമിക്കാന്‍ അഞ്ച് മില്യണ്‍ ഡോളര്‍ വകയിരുത്തുമെന്ന് ഏപ്രില്‍ മാസത്തില്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.