ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാം : ഫേസ്ബുക്ക് ന്യൂസ് ഫീഡ് നവീകരിച്ചു
അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, കാണുന്ന കാര്യങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നവിധമാണ് പരിഷ്‌കാരം
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പ്രധാന യൂസര്‍ ഫീഡുകള്‍ നവീകരിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. അല്‍ഗോരിതങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, കാണുന്ന കാര്യങ്ങളില്‍ ആളുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നവിധമാണ് നവീകരണമെന്ന് കമ്പനി വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ന്യൂസ് ഫീഡ് നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതിനും കഴിയുന്നതാണ് ഇപ്പോഴത്തെ മാറ്റം.
സുഹൃത്തുക്കളില്‍നിന്നും കോണ്‍ടാക്റ്റുകളില്‍നിന്നുമുള്ള പോസ്റ്റുകള്‍ കൂടുതലായി കാണുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പരിഷ്‌കാരം. ഫേസ്ബുക്ക് അല്‍ഗോരിതം ഇനി പൂര്‍ണമായി ഓഫ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. വേണമെങ്കില്‍ പോസ്റ്റുകള്‍ കാലക്രമത്തില്‍ കാണാം. ഫേസ്ബുക്കിന്റെ അല്‍ഗോരിതങ്ങള്‍ ഉള്‍പ്പെടെ ദോഷകരമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും പ്രോത്സാഹിപ്പിക്കുന്നതായി ഉയര്‍ന്ന ആരോപണങ്ങളില്‍ കമ്പനി കര്‍ശന നിരീക്ഷണം നേരിടുകയാണ്. ഇതിനിടയിലാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇനി മുതല്‍ ഒന്നുകില്‍ അല്‍ഗോരിതം അനുസരിച്ചുള്ള ഫീഡ് അല്ലെങ്കില്‍ ഏറ്റവും പുതിയ പോസ്റ്റുകള്‍ ആദ്യം എന്ന രീതിയില്‍ കാലക്രമം അനുസരിച്ചുള്ള ഫീഡ് എന്നിങ്ങനെ ഉപയോക്താക്കള്‍ക്ക് സ്വിച്ച് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തിലെ ആളുകള്‍, ഇഷ്ടപ്പെട്ട ഉള്ളടക്കം, നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് നിങ്ങളെ കണക്റ്റ് ചെയ്യുകയാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്ക് അറിയിച്ചു.
മറ്റൊരു പോസ്റ്റില്‍, അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നതിനെ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ന്യായീകരിച്ചു. ദുര്‍ഗ്രഹമാണെന്നും ധ്രുവീകരണം സൃഷ്ടിക്കുന്നതായുമുള്ള വിമര്‍ശനങ്ങള്‍ ഫേസ്ബുക്ക് നേരിട്ടിരുന്നു. അല്‍ഗോരിതങ്ങളെ പ്രധാനമായും ഉപയോക്താക്കളാണ് നയിക്കുന്നതെന്ന് ക്ലെഗ് പറഞ്ഞു. നിങ്ങളുടെ തെരഞ്ഞെടുക്കലുകളും പ്രവൃത്തികളുമാണ് നിങ്ങളുടെ ന്യൂസ് ഫീഡില്‍ നിങ്ങളുടേതായ ‘ലോകം’ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം എഴുതി.
ഇതാണ് സാമൂഹ്യ മാധ്യമങ്ങളുടെ മാജിക് എന്നും ഇതുതന്നെയാണ് പഴയ മാധ്യമങ്ങളില്‍നിന്ന് സാമൂഹ്യ മാധ്യമങ്ങളെ വേര്‍തിരിക്കുന്നതെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ വായിക്കുന്ന ദശലക്ഷക്കണക്കിന് പേര്‍ക്കായി ആദ്യ പേജിലെ തലക്കെട്ട് നിര്‍ദേശിക്കുന്നതിന് ഇവിടെ എഡിറ്ററെ കാണാന്‍ കഴിയില്ല. ഇവിടെ ഒന്നാം പേജുകളുടെ എണ്ണം ബില്യണ്‍ കണക്കിനാണെന്നും ഓരോരുത്തരുടെയും അഭിരുചികളുടെയും മുന്‍ഗണനകളുടെയും അടിസ്ഥാനത്തില്‍ അവരുടേതായ പേജുകള്‍ ലഭിക്കുന്നതായും നിക്ക് ക്ലെഗ് വിശദീകരിച്ചു.