January 31, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവർത്തനലാഭത്തിൽ 96.77 ശതമാനത്തിന്റെ വർധനവുമായി ഇസാഫ് ബാങ്ക്

1 min read

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ 7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 211 കോടി രൂപയുടെയും നടപ്പു സാമ്പത്തികവർഷത്തെ രണ്ടാംപാദത്തിൽ 115.81 കോടി രൂപയുടെയും നഷ്ടത്തിന് ശേഷമാണ് ബാങ്ക് ലാഭത്തിലേക്കുയർന്നത്. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 10 ശതമാനം വാർഷിക വളർച്ചയോടെ 44,686 കോടി രൂപയിലെത്തി. മൊത്തം വായ്പ 13.1 ശതമാനം വളർച്ചയോടെ 20,679 കോടി രൂപയിലും ആകെ നിക്ഷേപം 7.1 ശതമാനം വളർച്ചയോടെ 24,006 കോടി രൂപയിലുമെത്തി. സുരക്ഷിത വായ്പകളിലുണ്ടായ വർധനവാണ് ബാങ്കിന് നേട്ടമായത്. 149 ശതമാനം വാർഷിക വളർച്ചയോടെ 10,530 കോടി രൂപയാണ് സുരക്ഷിത വായ്പയിൽ നേടാനായത്. മൊത്തം വായ്പയിൽ 63 ശതമാനമാണ് സുരക്ഷിത വായ്പകൾ. മാർച്ചിനകം വായ്പയുടെ 70 ശതമാനവും സുരക്ഷിത വിഭാഗമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. സ്വർണ വായ്പകളിലും മികച്ച പുരോഗതിയാണ് ബാങ്കിനുള്ളത്. 89 ശതമാനം വാർഷിക വളർച്ചയോടെ 8,669 കോടി രൂപയാണ് രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനം 432 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് 6.5 ശതമാനമാണ് വളർച്ച. പ്രവർത്തന ലാഭം 183.49 കോടി രൂപയും ഇതര വരുമാനം 55 കോടി രൂപയും രേഖപ്പെടുത്തി. 96.77 ശതമാനമാണ് പ്രവർത്തനലാഭത്തിലെ വാർഷിക വളർച്ച. ആസ്തി ഗുണമേന്മയിൽ കാര്യമായ പുരോഗതിയുണ്ട്. മൊത്ത നിഷ്ക്രിയ ആസ്തിയിൽ മുൻപാദത്തെ 8.5 ശതമാനത്തിൽനിന്നും 5.6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി മുൻപാദത്തെ 3.8 ശതമാനത്തിൽനിന്നും 2.7 ശതമാനമായി കുറഞ്ഞു. ഈ മേഖലയിലേക്കുള്ള ബാങ്കിന്റെ നീക്കിയിരുപ്പ് 243 കോടി രൂപയാണ്. മൂലധന പര്യാപ്തത അനുപാതം 22.7 ശതമാനമെന്ന ശക്തമായ നിലയിൽ തുടരുന്നു. 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇസാഫ് ബാങ്കിലുള്ള ആകെ നിക്ഷേപം 24,006 കോടി രൂപയായി. 7 ശതമാനമാണ് വാർഷിക വളർച്ച. റീട്ടെയ്ൽ ഡിപോസിറ്റ് 8 ശതമാനം വളർച്ച നേടി 22,426 കോടി രൂപയിലെത്തി. കാസ (കറന്റ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ട്) അനുപാതം 25.1 ശതമാനം വളർച്ചയോടെ 6,030 കോടി രൂപയിലെത്തി. 8 ശതമാനമാണ് വാർഷിക വളർച്ച. 2 ലക്ഷത്തിലധികം പുതിയ ഇടപാടുകാരെയാണ് മൂന്നാം പാദത്തിൽ ബാങ്കിന് നേടാനായത്. “സുരക്ഷിത വായ്പകളിലുണ്ടായ മികച്ച വളർച്ചയിലൂടെ ഇസാഫ് ബാങ്ക് ലാഭത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മൊത്തം വായ്പകളുടെ 63 ശതമാനവും ഇത്തരം സുരക്ഷിത വായ്പകളാണ്. ആസ്തി ഗുണമേന്മ വർധിച്ചതും നിഷ്ക്രിയ ആസ്തികൾ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണ്. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവർത്തനക്ഷമതയേയും ഉപഭോക്തൃ സേവനത്തെയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. വായ്പകളിലെ റിസ്ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”- ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു.

  'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3