October 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനം ഇലക്ട്രിക് ആകണം: ഗഡ്കരി

1 min read

ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കണം

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ ആകണമെന്നത് നിര്‍ബന്ധിതമാക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വീടുകളില്‍ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നല്‍കുന്നതിനുപകരം ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

‘ഗോ ഇലക്ട്രിക്’ പ്രചാരണ പരിപാടിയുടെ അവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. ‘എന്തുകൊണ്ടാണ് നമ്മള്‍ ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കാത്തത്, പാചക വാതകത്തിന് നമ്മള്‍ ഇപ്പോഴും സബ്സിഡി നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടുതല്‍ ശുദ്ധമാണ്. ഇത് ഗ്യാസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും.

  ടോട്ടല്‍എനര്‍ജീസ് ഇനി ഐബിഎസിന്‍റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും

ആദ്യ ഘട്ടമെന്ന നിലയില്‍ തന്‍റെ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നിര്‍ബന്ധിതമാക്കണം എന്ന് വൈദ്യുതി മന്ത്രി ആര്‍ കെ സിംഗിനോട് ഗഡ്കരി ആവശ്യപ്പെട്ടു. ദില്ലിയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രം പ്രതിമാസം 30 കോടി രൂപ ലാഭിക്കാന്‍ കഴിയും. ദില്ലിയില്‍ നിന്ന് ആഗ്രയിലേക്കും ദില്ലിയില്‍ നിന്ന് ജയ്പൂരിലേക്കും ഫ്യുവല്‍ സെല്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച സിംഗ് അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇത്തവണത്തെ കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വ്യാപകമാക്കാനുള്ള പരിശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ബന്ധിതമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം എന്ന കേന്ദ്ര ഗതാഗത മന്ത്രിയുടെ നിര്‍ദേശം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കും.

  പരിസ്ഥിതി സൗഹൃദ പദ്ധതിയിൽ എന്‍ഐഐഎസ്ടി ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് പങ്കാളിത്തം

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ആദ്യമായി മൂന്നക്കത്തിലേക്ക് എത്തുമ്പോഴാണ് ഈ പ്രസ്താവന പുറത്തുവന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഗതാഗത മേഖലയിലും ചരക്കുനീക്കത്തിലും ഉള്‍പ്പടെ ഇത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിരുന്ന ഘട്ടത്തില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ പലതവണ വര്‍ധിപ്പിച്ച എക്സൈസ് തീരുവ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധന ഉണ്ടാകുമ്പോഴും മാറ്റമില്ലാതെ തുടരുന്നതാണ് വില വര്‍ധനയിലേക്ക് നയിക്കുന്നത്.

Maintained By : Studio3