ബിറ്റ്കോയിന് കറന്‍സി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വദോര്‍
1 min read- പ്രവാസികള്‍ക്ക് ബിറ്റ്കോയിനിലൂടെ രാജ്യത്തേക്ക് പണമയക്കാം
- ബിറ്റ്കോയിന്‍ നിയമപരമാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രസിഡന്‍റ്
ലണ്ടന്‍: ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ സ്റ്റാറ്റസ് നല്‍കുന്ന ആദ്യരാജ്യമായി എല്‍ സാല്‍വദോര്‍. ഇവിടെ ഇനി ബിറ്റ്കോയിനില്‍ ഇടപാടുകളും നിക്ഷേപവുമെല്ലാം നടത്താം. പ്രസിഡന്‍റ് നയിബ് ബുകെലെയാണ് സഭയല്‍ ബില്‍ അവതരിപ്പിച്ചത്. മിക്ക അംഗങ്ങളും ബിറ്റ്കോയിന് നിയമപരമായ അനുമതി നല്‍കുന്ന ബില്ലിന്‍റെ പിന്തുണച്ചു.
സൗത്ത് അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ പ്രധാനമായും പുറമെ നിന്നുള്ള പണത്തെയാണ് വരുമാനത്തിനായി ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ പ്രവാസികള്‍ക്ക് ഇനി ബിറ്റ്കോയിനില്‍ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് പണമയക്കാം. ജനങ്ങള്‍ ഇതിന് തയാറാകണമെന്നും പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
പ്രധാനമായും ഇന്‍റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡെന്ന് ഇതിനെ വേണമെങ്കില്‍ പറയാം. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ആണ് ഇവയെ ക്രിപ്റ്റോ കറന്‍സി എന്നു വിളിക്കുന്നത്.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നിക്ഷേപം, ടൂറിസം, ഇന്നവേഷന്‍, സാമ്പത്തിക വികസനം തുടങ്ങിയവയ്ക്കെല്ലാം വലിയ പിന്തുണയേകുന്നതാണ് പുതിയ തീരുമാനമെന്ന് ബുക്കെലെ പറഞ്ഞു. ഓരോ ഇടപാടിന്‍റെയും സമയത്ത് ഡോളര്‍ നിരക്കിലേക്ക് തുക മാറ്റാനുള്ള ഏര്‍പ്പാടുകളും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
എല്‍ സാല്‍വദോറിന്‍റെ ജിഡിപിയുടെ അഞ്ചിലൊന്നും പുറത്തുനിന്നും പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് ലോകബാങ്കിന്‍റെ കണക്കുകള്‍ പറയുന്നു.