December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാന്‍: പാക്കിസഥാനുവേണ്ടത് സൈനിക പരിഹാരമോ?

1 min read

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍റെ പ്രതിസന്ധിയെ ഏറ്റവും നന്നായി സംഗ്രഹിക്കുന്നത് ഓസ്കാര്‍ വൈല്‍ഡിന്‍റെ പ്രസിദ്ധമായ പഴഞ്ചൊല്ലാണ്: “ഈ ലോകത്ത് രണ്ട് ദുരന്തങ്ങള്‍ മാത്രമേയുള്ളൂ. ഒരാള്‍ ആഗ്രഹിക്കുന്നതെന്തും ലഭിക്കുന്നില്ല, മറ്റൊരാള്‍ അത് നേടുന്നു. അവസാനത്തേത് വളരെ മോശമാണ്, അവസാനത്തേത് യഥാര്‍ത്ഥ ദുരന്തമാണ് ‘. കഴിഞ്ഞ 20 വര്‍ഷമായി താലിബാനെ കാബൂളിലെ ഡ്രൈവിംഗ് സീറ്റില്‍ തിരിച്ചെടുക്കാന്‍ ഇസ്ലാമബാദ് സാധ്യമായതെല്ലാം ചെയ്തു. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍, പാക്കിസ്ഥാന്‍ എല്ലായ്പ്പോഴും ആഗ്രഹിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പോകുമ്പോള്‍, അത് ഇസ്ലാമബാദിനുതന്നെ തലവേദനായാകും,മേഖലയ്ക്ക് വെല്ലുവിളിയുമാകും.

2004-05 കാലഘട്ടത്തില്‍ താലിബാന്‍റെ പുനരുജ്ജീവനത്തിനുശേഷം, അഫ്ഗാനിസ്ഥാനില്‍ സൈനിക പരിഹാരമില്ലെന്ന് പാക് നേതൃത്വം വാദിച്ചു. എന്നിട്ടും, ഈ സമയത്തുടനീളം, താലിബാനിലൂടെ സൈനിക പരിഹാരം നടപ്പാക്കുന്നതിന് പാക്കിസ്ഥാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയാകട്ടെ താലിബാനെ പിന്തുണയ്ക്കുന്നത് നിര്‍ത്താന്‍ പാക്കിസ്ഥാനികളെ നിര്‍ബന്ധിക്കാന്‍ പൂര്‍ണമനസോടെയുള്ള നടപടികള്‍ സ്വീകരിച്ചില്ല. ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ അവ പോലും നടപ്പാക്കപ്പെട്ടില്ല. ഇന്ന് അമേരിക്ക കലാപകലുഷിതമായ അഫ്ഗാനില്‍നിന്നും പിന്‍വാങ്ങുകയാണ്.

പാക്കിസ്ഥാന്‍റെ വീക്ഷണകോണില്‍ നിന്ന് പരിശോധിച്ചാല്‍ താലിബാന് അനുകൂലമായ ഒരു സൈനിക പരിഹാരമാണ് ഏറ്റവും നല്ല ഫലം എന്ന് വ്യക്തമാണ്. അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പരിഹാരത്തിനായുള്ള അന്വേഷണം ശരിക്കും ഒരു സാങ്കല്‍പ്പിക പദ്ധതി മാത്രമാണ്. താലിബാനെയും പാക്കിസ്ഥാനെയും സംബന്ധിച്ചിടത്തോളം, ‘രാഷ്ട്രീയ പരിഹാരം’ എന്ന സംസാരം അമേരിക്കക്കാര്‍ക്കും അഫ്ഗാന്‍ സര്‍ക്കാരിനുമൊപ്പം തുടരാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. ഇന്നും അവിടെ അക്രമങ്ങളുടെ പരമ്പരയാണ് കലാപകാരികള്‍ നടത്തുന്നത്.

കാരണം ‘ഇസ്ലാമിക് റിപ്പബ്ലിക്കും’ ‘ഇസ്ലാമിക് എമിറേറ്റും’ തമ്മിലുള്ള അന്തരം കേവലം പരിഹരിക്കാനാവാത്തതാണ്. ഇതുകൊണ്ട് ‘അധികാരം പങ്കിടല്‍ കരാര്‍’ ഒരിക്കലും പ്രവര്‍ത്തിക്കില്ല. ഈ അവസാന ഘട്ടത്തില്‍, താലിബാന്‍ അധികാരം പങ്കിടാന്‍ സമ്മതിക്കുന്നുവെങ്കില്‍പ്പോലും, അവര്‍ അത് അവരുടെ നിബന്ധനകളിലും നിയന്ത്രണത്തിലും, എമിറേറ്റിന്‍റെ നിയമപ്രകാരം റിപ്പബ്ലിക്കിന്‍റെ കീഴിലും മാത്രമേ ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒരു ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ആശയവും നടപ്പാക്കാനാവില്ല. മുമ്പ് ഇത് പരാജയപ്പെട്ടതാണ്.

രാഷ്ട്രീയ പരിഹാരവും ഇടക്കാല സര്‍ക്കാര്‍ ഒരു സ്വപ്നമാണെങ്കില്‍ ഇറാന്‍, ചൈന, പാക്കിസ്ഥാന്‍, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക പരിഹാരത്തെക്കുറിച്ചുള്ള സമീപനം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്.
മറിച്ച് ദുരന്തത്തിനുള്ള ഒരു മുന്നറിയിപ്പാണ്. അത്തരമൊരു പ്രാദേശിക സമീപനം 1990 മുതല്‍ പലതവണ പരീക്ഷിച്ചു. അത് അന്ന് പ്രവര്‍ത്തിച്ചില്ല.ഓരോ പ്രാദേശിക ശക്തിക്കും അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്.അത് മറ്റുള്ളവരുടെ താല്‍പ്പര്യങ്ങളുമയി പൊരുത്തപ്പെടില്ല. മാത്രമല്ല അഫ്ഗാനിസ്ഥാന്‍റെയും അഫ്ഗാന്‍ ജനതയുടെയും താല്‍പ്പര്യങ്ങളുമായി അത് പൊരുത്തപ്പെടുകയുമില്ല.

അഫ്ഗാനില്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവാത്തതോ അസാധ്യമോ ആയതിനാല്‍, ഒരു ദശാബ്ദത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പാണ്. ആഭ്യന്തരയുദ്ധം മാസങ്ങളോളം, ഒരുപക്ഷേ വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം.ആഭ്യന്തര യുദ്ധം കൂടുതല്‍ രൂക്ഷമായാല്‍ അത് പാക്കിസ്ഥാനിലേക്കും വ്യാപിക്കും. അഭയാത്ഥികളും ഒഴുകും.

അമേരിക്ക അഫ്ഗാനില്‍ ഉള്ളപ്പോള്‍ താലിബാന് പാക് സഹായം അനിവാര്യമായിരുന്നു. എന്നാല്‍ അവര്‍ പിന്മാറിക്കഴിയുമ്പോള്‍ പാക് പിന്തുണ വേണമെന്നില്ല. അതിനാല്‍ താലിബാനെതിരായ നീക്കം ഇസ്ലാമബാദ് നടത്തിയാല്‍ അവര്‍ പാക്കിസ്ഥാനില്‍നിന്നും അകലും. ആരാജ്യത്തും കലാപത്തിന്‍റെ വിത്തെറിയും.എല്ലാ പദ്ധതികളെയും കടപുഴക്കിയ ചരിത്രം അഫ്ഗാനിസ്ഥാനുണ്ട്. ഒപ്പം കലാപകാരികളും ഫലമറിയാതെ പോരാടുന്നവരാണ്. അതിനാല്‍ അമേരിക്കയുടെ അതൃപ്തി ക്ഷണിച്ചുവരുത്താതെ എന്നാല്‍ താലിബനെ സഹായിക്കുകയും ചെയ്യുക എന്ന നയം ഇസ്ലാമബാദ് തുടര്‍ന്നും സ്വീകരിച്ച് മുന്നോട്ടുപോകും. തിരിച്ചടി ലഭിക്കും വരെയെങ്കിലും.

Maintained By : Studio3