മെയില്‍ ഈജിപ്തില്‍ നിന്നുള്ള എണ്ണ ഇതര കയറ്റുമതിയില്‍ അമ്പത് ശതമാനം വര്‍ധന
ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ എണ്ണ ഇതര കയറ്റുമതിയില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കെയ്‌റോ: മെയ് മാസത്തില്‍ ഈജിപ്തില്‍ നിന്നുള്ള എണ്ണ ഇതര കയറ്റുമതി 50 ശതമാനം വര്‍ധിച്ച് 2.288 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളിലല്‍ എണ്ണ ഇതര കയറ്റുമതിയില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ 12.3 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇതര കയറ്റുമതിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഈജിപ്തിലേക്കുള്ള ഇറക്കുമതിയും പത്ത് ശതമാനം വര്‍ധിച്ച് 29.1 ബില്യണ്‍ ഡോളറിലെത്തിയതായി ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് അഷ്‌റഖ് ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളാണ് മികച്ച വളര്‍ച്ച നിരക്കുകള്‍ കൈവരിക്കാനും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനും സഹായകമായതെന്ന് ഈജിപ്തിലെ വ്യാപാര മന്ത്രിയായ നെവൈന്‍ ഗാമിയ പറഞ്ഞു. പകര്‍ച്ചവ്യാധിക്കാലത്ത് ഉല്‍പ്പാദന, കയറ്റുമതി മേഖലകള്‍ക്ക് നല്‍കിയ പിന്തുണയാണ് കയറ്റുമതി വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും മന്ത്രി പറഞ്ഞു.
കയറ്റുമതിയില്‍ ഉയര്‍ന്ന വളര്‍ച്ച രേഖരപ്പെടുത്തിയ 12 മേഖലകളില്‍ മെഡിക്കല്‍ വ്യവസായങ്ങള്‍, ലെതര്‍, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖലകളും ഉള്‍പ്പെടുന്നു. ഈജിപ്ഷ്യന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണി യൂറോപ്യന്‍ യൂണിയനാണ്.