ഫോബ്‌സിന്റെ മികച്ച പശ്ചിമേഷ്യന്‍ ബാങ്കുകളുടെ പട്ടികയില്‍ യുഎഇ, സൗദി ബാങ്കുകളുടെ ആധിപത്യം
പശ്ചിമേഷ്യയില്‍ ഇത് ബാങ്ക് ലയനങ്ങളുടെ കാലമാണെന്ന് ഫോബ്‌സ്
റിയാദ് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച അമ്പത് ബാങ്കുകളുടെ ഫോബ്‌സ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തി യുഎഇ, സൗദി അറേബ്യന്‍ ബാങ്കുകള്‍. ഇരുരാജ്യങ്ങളില്‍ നിന്നും പത്ത് ബാങ്കുകള്‍ വീതമാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഖത്തറിലെ എട്ട് ബാങ്കുകളും കുവൈറ്റിലെ ആറ് ബാങ്കുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥകളെ മുന്നോട്ട് നയിക്കുന്ന മേഖലയിലെ ധനകാര്യ ഭീമന്മാരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടിരിക്കുന്നത്. അമ്പത് ബാങ്കുകള്‍ക്കുമായി മൊത്തത്തില്‍ 513.6 ബില്യണ്‍ ഡോളറിന്റെ മൂല്യവും 2.5 ട്രില്യണ്‍ ഡോളറിന്റെ ആസ്തികളുമുണ്ട്. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുടെ ജിഡിപിയേക്കാള്‍ മൂന്നിരട്ടിയാണിതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ ക്യുഎന്‍ബി ഗ്രൂപ്പാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.13.5 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയും 3.3 ബില്യണ്‍ ഡോളറിന്റെ ലാഭവുമാണ് ക്യുഎന്‍ബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 7.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയും 2.9 ബില്യണ്‍ ഡോളറിന്റെ ലാഭവുമായി ഫസ്റ്റ് അബുദാബി ബാങ്കാണ് രണ്ടാംസ്ഥാനത്ത്. 6.6 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയും 3.1 ബില്യണ്‍ ഡോളറിന്റെ ആദായവും രേഖപ്പെടുത്തിയ സൗദി നാഷണല്‍ ബാങ്കാണ് മൂന്നാം സ്ഥാനത്ത്.
പശ്ചിമേഷ്യയിലെ ബാങ്കിംഗ് മേഖല ഏകീകരണത്തിന്റെ ഘട്ടത്തിലാണെന്നും വന്‍കിട ബാങ്കുകള്‍ കൂടിച്ചേര്‍ന്ന് വമ്പന്‍ ബാങ്കിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരികയാണെന്നും ഫോബ്‌സ് നിരീക്ഷിച്ചു. 2019ല്‍ എഡിസിബിയും യൂണിയന്‍ നാഷണല്‍ ബാങ്കും അല്‍ ഹിലാല്‍ ബാങ്കും തമ്മില്‍ ലയിച്ച് യുഎഇയിലെ മൂന്നാമത്തെ വലിയ ബാങ്കിംഗ് സ്ഥാപനമായ എഡിസിബി ഗ്രൂപ്പായി മാറിയിരുന്നു. 2020ല്‍ യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കായിരുന്ന ദുബായ് ഇസ്ലാമിക് ബാങ്കും നൂര്‍ ബാങ്കും തമ്മില്‍ ലയിച്ചു. 2021 മാര്‍ച്ചില്‍ സൗദിയിലെ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് സാംബ ബാങ്കുമായുള്ള ലയനം പ്രഖ്യാപിച്ചിരുന്നു. ലയനം പൂര്‍ത്തിയായാല്‍ മേഖലയിലെ ഏറ്റവും മൂല്യമേറിയ ബാങ്കായി ഇത് മാറും.