കോവിഡ് ആഘാതം; ഇന്ത്യ കൂടുതല്‍ ചെലവിടണമെന്ന് അഭിജിത് ബാനര്‍ജി
1 min read- കോവിഡ് പ്രതിരോധം: സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടണമെന്ന് നൊബേല്‍ സമ്മാന ജേതാവ്
- പുതിയ ഉത്തേജന പാക്കേജിനെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും ആലോചനയിലാണ്
- ഗ്രാമീണ മേഖലയെയും ഇപ്പോള്‍ കോവിഡ് രൂക്ഷമായി ബാധിക്കുന്നു
മുംബൈ: കോവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക ആഘാതത്തെ നേരിടാനും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വികസിപ്പിക്കാനും ഇന്ത്യ കൂടുതല്‍ ചെലവിടല്‍ നടത്തണമെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി.
ജിഡിപിയുടെ രണ്ട് ശതമാനം കൂടി അധികമായി കോവിഡ് ആഘാതത്തെ നേരിടാന്‍ ചെലവഴിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ. ഇല്ലെന്ന് തന്നെയാണ് ഉത്തരം. പല രാജ്യങ്ങളും ഇതിന്‍റെ പത്ത് മടങ്ങ് വരെ ചെലവഴിക്കുന്നുണ്ട്-എംഐടി പ്രഫസര്‍ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് ഉത്തേജന പാക്കേജ് എന്ന നിലയില്‍ ഇന്ത്യ ഈ വര്‍ഷം ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ബാനര്‍ജിയുടെ അഭിപ്രായം ശ്രദ്ധേയമാകുന്നത്. പുതിയ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ആലോചനങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
കോവിഡ് രണ്ടാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ വ്യവസായ മേഖലകള്‍ക്ക് ഉണര്‍വേകാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രത്യേക ഉത്തേജന പാക്കേജുകള്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു.
കോവിഡ് രണ്ടാം തരംഗം ഏറ്റവും ബാധിക്കപ്പെട്ട മേഖലകളെ ആയിരിക്കും പാക്കേജ് ലക്ഷ്യമിടുക. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് പല മേഖലകളും കടുത്ത പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളെയും രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെയും ഉന്നമിട്ടുള്ളതാകും ഉത്തേജന പാക്കേജ്. അതേസമയം എന്നാകും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുക എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നാണ് വിവരം.