പൊളിക്കല്‍ നയം അവതരിപ്പിച്ചു
1 min read- റെജിസ്ട്രേഷന്‍ ഫീയില്‍ ഇളവ്, റോഡ് ടാക്സിന് 25% റിബേറ്റ്…
- പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍
- പുതിയ വാഹനം വാങ്ങുമ്പോള്‍ റെജിസ്ട്രേഷന്‍ ഫീ ഇല്ല
- മലിനീകരണം കുറയുമെന്ന് മന്ത്രി നിതിന്‍ ഗഡ്ക്കരി
ന്യൂഡെല്‍ഹി: രാജ്യം ഏറെ കാത്തിരുന്ന വാഹന പൊളിക്കല്‍ നയം അവതരിപ്പിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തയാറാകുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തിഗത വാഹനങ്ങളാണ് പൊളിക്കുന്നതെങ്കില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 25 ശതമാനം റിബേറ്റുണ്ട്. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 ശതമാനമാണ്.
പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഡിസ്ക്കൗണ്ടും ലഭിക്കും, മന്ത്രി വ്യക്തമാക്കി. ഫിറ്റ്നെസ് ഇല്ലാത്ത വാഹനങ്ങളെ നിരത്തില്‍ നിന്നും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം പൊളിക്കല്‍ നയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്ക്രാപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ റെജിസ്ട്രേഷന്‍ ഫീ നല്‍കേണ്ടതില്ല.
പുതിയ നയത്തിന്‍റെ ഭാഗമായി കേന്ദ്ര ഗതാഗത, ഹൈവെയ്സ് മന്ത്രാലയം ഓരോ സംസ്ഥാനത്തും ഒരു മാതൃക ഫിറ്റ്നെസ് സെന്‍റര്‍ സ്ഥാപിക്കുകയും ചെയ്യും. മാത്രമല്ല, പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ റെജസ്റ്റേര്‍ഡ് ഫിറ്റ്നെസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പരമാവധി പ്രോല്‍സാഹനം നല്‍കുകയും ചെയ്യും. ഓരോ ജില്ലയിലും ഫിറ്റ്നെസ് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സംസ്ഥാനസര്‍ക്കാരുകളെ പ്രോല്‍സാഹിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് പുതിയ വാഹനം പൊളിക്കല്‍ നയം. കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാകേണ്ടി വരും. ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്‍ററുകളായിരിക്കും ഇത് നടത്തുക. ഈ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാകും വാഹനം പൊളിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കുക-മന്ത്രി വ്യക്തമാക്കി. ഒരു വാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അത് പൊളിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചാല്‍ കാലാവധി നീട്ടിയുള്ള സര്‍ട്ടിഫിക്കറ്റും വാഹനത്തിന് നല്‍കും.പഴക്കമുള്ള വാഹനങ്ങള്‍ നശിപ്പിക്കേണ്ട സാഹചര്യം വരുമ്പോള്‍ പുതിയ വാഹനങ്ങള്‍ ഡിമാന്‍റ് ഉണ്ടാകും. മാത്രവുമല്ല അന്തരീക്ഷമലിനീകരണം കുറയുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള പ്രവണത ഇതോടെ ശക്തമാകുമെന്നും കേന്ദ്രം കരുതുന്നു.
പഴയതും നിരത്തിലിറങ്ങാന്‍ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കുന്ന നയം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോമൊബീല്‍ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകുമെന്നും റോഡ് സുരക്ഷ വര്‍ധിക്കുമെന്നും അന്തരീക്ഷ മലിനീകരണം 25-30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. നയം നടപ്പായാല്‍ കേരളത്തില്‍ മാത്രം 35 ലക്ഷം വാഹനങ്ങളെ അത് ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്.
ഫിറ്റ്നെസ് ടെസ്റ്റുകളും സ്ക്രാപ്പിംഗ് സെന്‍ററുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഈ വര്‍ഷം ഒക്റ്റോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ വാഹനങ്ങളുടെ പൊളിക്കല്‍ 2022 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കും.