യുഎഇയിലെ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ 183 ശതമാനം വര്‍ധന
1 min readആഗോളതലത്തില്‍ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2019ലെ 8.5 മില്യണില്‍ നിന്നും 2020ല്‍ 10 മില്യണായി ഉയര്‍ന്നു.
ദുബായ്: യുഎഇ, പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട ബിസിനസുകള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. യുഎഇയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഇത്തരം ആക്രമണങ്ങളില്‍ 183 ശതമാനം വര്‍ധയുണ്ടായെന്നാണ് ഹെല്‍പ്പ് എജിയുടെ സ്റ്റേറ്റ് ഓഫ് ദ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് 2021ല്‍ പറയുന്നത്. ആഗോളതലത്തില്‍ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2019ലെ 8.5 മില്യണില്‍ നിന്നും 2020ല്‍ 10 മില്യണായി ഉയര്‍ന്നു.
ഡിസ്ട്രിബ്യൂറ്റഡ് ഡിനെയല്‍ ഓഫ് സര്‍വീസ് (ഡിഡിഒഎസ്) എന്നറിയപ്പെടുന്ന ഈ ആക്രമണങ്ങളുടെ തോതിലാണ് വര്‍ധനയുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍, ഇന്ധനം, ആതുരസേവനം, ടെലികോം തുടങ്ങി എല്ലാ മേഖലകളും നിരന്തരമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് വേദിയാകുന്നു.
ലക്ഷ്യമിടുന്ന സെര്‍വറിലേക്കുള്ള ട്രാഫിക്കിന്റെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഡിഡിഒഎസ് ആക്രമണങ്ങള്‍. വ്യാജ ലിങ്കുകളോ ഫയലുകളോ വഴിയോ ആണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. ബന്ധപ്പെട്ട ശൃംഖലയെ നിശ്ചലമാക്കുകയും അത്യാവശ്യമായ എല്ലാ ഉപാധികളെയും നശിപ്പിച്ച് കളയുകയുമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ ലക്ഷ്യം.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും കൂടുതല്‍ സ്വീകാര്യമായ ഇക്കാലത്ത് കോവിഡ്-19 വിവരങ്ങളുടെ ലിങ്ക് എന്ന നിലയില്‍ കണ്ണുവെട്ടിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുക. ഈ രീതിയിലുള്ള ആക്രമണങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ടെന്നും ഹെല്‍പ്പ് എജി റിപ്പോര്‍ട്ടില്‍ പറയുന്നു. ശൃംഖലകളിലെ നിരവധി ബലഹീനതകള്‍ ചൂഷണം ചെയ്താണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നത്. വലിയ കമ്പനികള്‍ പോലും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടും വിഷയത്തില്‍ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായിട്ടും ആക്രമണത്തിന് ഇരയായ ശേഷമാണ് നിരവധി കമ്പനികള്‍ സൈബര്‍ സുരക്ഷയെ ഗൗരവത്തോടെ കാണുന്നതെന്നത് സങ്കടമുള്ള കാര്യമാണെന്ന് ഹെല്‍പ്പ് എജി സിഇഒ സ്റ്റീഫന്‍ ബര്‍ണര്‍ പറഞ്ഞു.