ദളിത് സംരംഭകർക്കായി കൊച്ചിൻ ഷിപ്പ് യാർഡ് വെണ്ടർ ഡവലപ്മെൻ്റ് പരിപാടി സംഘടിപ്പിച്ചു
കൊച്ചി: പട്ടികജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളെ പറ്റി പൊതു ധാരണ സ്യഷ്ടിക്കുന്നതിനായി കൊച്ചിൻ ഷിപ് യാർഡിൻ്റെയും, ദളിത് ചേമ്പർ ഓഫ് കൊമേഴ്സിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ ചെറുകിട സംരംഭങ്ങൾക്കായുള്ള പ്രത്യേക വെണ്ടർ ഡവലപ്മെൻ്റ് പരിപാടി 2023 ഡിസംബർ 7 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്നു. കേരളത്തിൻ്റെ വിവിധ മേഘലകളിൽ നിന്നുള്ള മുന്നൂറോളം ദളിത് സംരംഭകർ ഈ പ്രത്യേക പരിശീലന പരിപാടിയിൽ പങ്കാളികളായി. കൊച്ചി കപ്പൽശാല ഡയറക്ടർ ( ഓപറേഷൻ) ശ്രീ. ശ്രീജിത്ത് കെ.എൻ പരിപാടിയിൽ മുഖ്യാഥിതി ആയിരുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപങ്ങളിൽ ചെറുകിട സംരംഭകർക്ക് ലഭ്യമാകുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ചും, ആനുകൂല്യങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നതിനായിട്ടാണ് വെണ്ടർ ഡെവലപ്മെൻ്റ് പരിപാടി സംഘടിപ്പിച്ചത്.
കൊച്ചി കപ്പൽശാലയെ പ്രതിനിധീകരിച്ച് ശ്രീ. ശിവകുമാർ .എ (ജനറൽ മാനേജർ, മെറ്റീരിയൽസ് ), ശ്രീ. ശ്രീകുമാർ രാജ .സി .എ ( ഡപ്യൂട്ടി ജനറൽ മാനേജർ), ശ്രീ. നാഗേഷ് കൃഷ്ണമൂർത്തി ( ഡപ്യൂട്ടി ജനറൽ മാനേജർ), ശ്രീമതി. സീന. എം.എസ് ( അസി. ജനറൽ മാനേജർ) എന്നിവരും ദളിത് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സിനെ പ്രതിനിധികരിച്ച് പത്മശ്രീ രവികുമാർ നറാ (ദേശീയ പ്രസിഡൻ്റ്), ഡോ: രാജു നായ്ക്( ദേശീയ ഉപാദ്ധ്യക്ഷൻ), ശ്രീ. സുരേഷ് ബാബു. എൻ.വി ( മെൻറർ ഡിക്കി / റിട്ട: ഡയറക്ടർ കൊച്ചിൻ ഷിപ് യാർഡ് ) , ശ്രീ. സുധീർ .പി.കെ ( ഉപാദ്ധ്യക്ഷൻ – സൗത്ത് ഇന്ത്യാ ) എന്നിവരും പങ്കെടുത്തു. ജി.എസ്.ടി വകുപ്പിനെ പ്രതിനിധീകരിച്ച് ശ്രീ.ടി.പി. സലിം കുമാർ, ഐ.ആർ.എസ് ( ഡെ: കമ്മീഷണർ, സെൻട്രൽ ടാക്സ്, ജി.എസ്.ടി) ദളിത് സംരംഭകർക്കായി പ്രത്യേക ക്ലാസ്സും എടുത്തു. കേന്ദ്ര സർക്കാരിൻ്റെ ദളിത് ചെറുകിട സംരംഭകർക്കായുള്ള വിവിധ ക്ഷേമപദ്ധതികളും, ടെൻഡർ സമർപ്പിക്കുമ്പോൾ ലഭ്യമാകുന്ന പ്രത്യേക ആനുകൂല്യങ്ങളെ പറ്റിയും ചടങ്ങിൽ വിശദീകരിക്കുകയും, സംരംഭകർ കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.