കോവിഡ് പ്രതിരോധം : മൂന്നാം തരംഗം നേരിടാന്‍ കേരളം
1 min read- കോവിഡ് മൂന്നാം തരംഗം നേരിടാന്‍ കേരളം കര്‍മ പദ്ധതി രൂപീകരിച്ചു
- പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കും
- സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കും
തിരുവനന്തപുരം: കോവിഡ് മഹാമാരി മൂന്നാം തരംഗമായി ആഞ്ഞടിച്ചാല്‍ നേരിടാന്‍ കര്‍മ പദ്ധതിയുമായി കേരളം. മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് കര്‍മ പദ്ധതി രൂപീകരിച്ചെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ആശുപത്രികളിലെ ചികില്‍സാ സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ജനങ്ങളിലേക്ക് വാക്സിനേഷന്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും സര്‍ക്കാര്‍ ഉറപ്പാക്കും.
രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കുക എന്നതാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായത്ര വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും കൂട്ടും. റെജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാരെയും വാക്സിനേഷന് എത്തിക്കും. ഞായറാഴ്ച്ചകളിലും മറ്റ് എല്ലാ അവധി ദിവസങ്ങളിലും വാക്സിനേഷന്‍ പ്രക്രിയ സുഗമമായി നടത്താനാണ് പദ്ധതി.
സര്‍ക്കാരിന്‍റെ ഫലപ്രദമായ ഇടപെടലിന്‍റെ ഫലമായാണ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡിനായി മറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനത്തില്‍ മാത്രമാണ് രോഗികളുള്ളത്. മൂന്നാം തരംഗ സാധ്യത മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ കിടക്കകളുടെയും ഐസിയുകളുടെയും വെന്‍റിലേറ്ററുകളുടെയും എണ്ണം കൂട്ടുകയും ചെയ്യും.
ഓക്സിജന്‍ ക്ഷാമം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. ഇതിനായി 60 മെട്രിക് ടണ്‍ ആയി ഉല്‍പ്പാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ നടപ്പാക്കി വരുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം പുതിയ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് പതിവായി കുറയുകയാണ്. ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണിത്.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. നിലവില്‍ 9,73,158 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 66 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം പത്തുലക്ഷത്തില്‍ താഴെയാകുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 53,001-ന്‍റെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 3.3% മാത്രമാണ്.
കോവിഡ്-19 ന്‍റെ പിടിയില്‍ നിന്ന് രാജ്യത്തിതുവരെ മുക്തരായത് 2,81,62,947 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,501 പേരും രോഗമുക്തരായി. രോഗമുക്തി നിരക്ക് പതിവായി ഉയരുകയാണ്. നിലവില്‍ 95.43 ശതമാനമാണിത്.
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയത് 14,92,152 പരിശോധനകളാണ്. രാജ്യത്താകെ ഇതുവരെ നടത്തിയത് ഏകദേശം 38 കോടി പരിശോധനകളാണ്.