കോവിഡ്-19 : 4.12 ലക്ഷം കേസുകള്‍, മരണം നാലായിരത്തിനടുത്ത്; മൂന്നാം തരംഗത്തിനും സാധ്യതയെന്ന് കേന്ദ്രം
1 min read412,262 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2.1 കോടിയിലെത്തി
ന്യൂഡെല്‍ഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. വ്യഴാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 412,262 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3,980 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യയിലും ലോകത്തിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 2.1 കോടിയിലെത്തി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് അമേരിക്ക കഴിഞ്ഞ് രണ്ടാംസ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
ഇതിന് മുമ്പ് ഏപ്രില്‍ മുപ്പതിനാണ് ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ എത്തിരുന്നത്. മുന്‍ദിവസത്തെ അപേക്ഷിച്ച് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം കുറവായിരുന്നിട്ടും രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് ഏറെ ആശങ്കാജനകമാണ്. 16.6 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച ചൊവ്വാഴ്ചയെ അപേക്ഷിച്ച് ബുധനാഴ്ച 15.4 ലക്ഷം സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധനാവിധേയമാക്കിയത്. നേരത്തെ നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മുപ്പതിന് 19.4 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണത്തിനൊപ്പം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 24.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം പരിശോധിച്ച സാമ്പിളുകളില്‍ എത്രയെണ്ണത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നതിന്റെ ശതമാനക്കണക്കാണ് ടിപിആര്‍. ഉയര്‍ന്ന രോഗബാധയും ടെസ്റ്റുകളിലെ അപര്യാപ്തതയുമാണ് ടിപിആര്‍ സൂചിപ്പിക്കുന്നത്.
ആദ്യമായാണ് ഇന്ത്യയില്‍ കോവിഡ്-19 മൂലം മരണപ്പെടുന്നവരുടെ എണ്ണം നാലായിരത്തിനടുത്ത് എത്തുന്നത്. മഹാരാഷ്ട്ര (920), ഉത്തര്‍പ്രദേശ് (357), കര്‍ണ്ണാടക (346), പഞ്ചാബ് (182), ഹരിനായ (181), തമിഴ്‌നാട് (167) എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. നിലവില്‍ 35 ലക്ഷം സജീവ രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഒരു ലക്ഷത്തിലേറെ സജീവ കേസുകള്‍ 12 സംസ്ഥാനങ്ങളിലാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ത്തന്നെ മഹാരാഷ്ട്ര, കേരളം, കര്‍ണ്ണാടക, ഉത്ത്ര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നരലക്ഷത്തിലേറെ സജീവ കേസുകള്‍ ഉണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്- 57640. 50,112 പുതിയ കേസുകളുമായി കര്‍ണ്ണാടകയിലും പ്രതിദിന രോഗബാധ അമ്പതിനായിരം പിന്നിട്ടു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍ കേരളം (41,953), തമിഴ്‌നാട് (23.310), പശ്ചിമ ബംഗാള്‍ (18,102), പഞ്ചാബ് (8,015), ഉത്തരാഖണ്ഡ് (7,783), അസം (4,826), ജമ്മു കശ്മീര്‍ (4,716), ഹിമാചല്‍ പ്രദേശ് (3,842), ഗോവ (3,496), പുതുച്ചേരി (1,819), മിസോറം (238) എന്നിവയാണ്.