പുതിയ വിസയുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശനാനുമതി
1 min readസുപ്രീംകമ്മിറ്റി വിസ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസകള്‍ക്കാണ് പ്രവേശനാനുമതി
മസ്‌കറ്റ്: പുതിയ വിസ കൈവശം ഉള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിട്ടി. സാധുവായ വിസയുള്ള എല്ലാ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിട്ടി ഒമാനില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
സാധുവായ വിസയുള്ള എല്ലാ വിദേശീയര്‍ക്കും രാജ്യത്തേക്ക് പ്രവേശനം സാധ്യമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുള്ള ബിന്‍ അലി അല്‍ ഹാര്‍ത്തി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ സുപ്രീംകമ്മിറ്റി വിസ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസകള്‍ക്കാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.
തൊഴില്‍, കുടുംബ, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള വിസകള്‍ക്കും പ്രവേശനാനുമതി ബാധകമാണ്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പുതിയതായി വിസകള്‍ അനുവദിക്കുന്നത് ഒമാന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടായതിന് ശേഷമായിരിക്കും വീണ്ടും വിസകള്‍ അനുവദിച്ച് തുടങ്ങുകയെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.