കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു
തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം അകലെ; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിപദത്തിനായി തമ്മിലടി തുടങ്ങി
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നു. രണ്ട് വര്‍ഷം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമാവുകയാണ്. മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പുതന്നെ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അത് മറനീക്കി പുറത്തുവരികയും ചെയ്തു. അര ഡസനോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ ‘അടുത്ത മുഖ്യമന്ത്രിയായി’ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ഇതിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ രംഗത്തുവരികയും ചെയ്തു.
സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തുന്ന സിദ്ധരാമയ്യ അനുകൂല നിയമസഭാംഗങ്ങളോട് പ്രതികരിച്ച ശിവകുമാര്‍, മുഖ്യമന്ത്രിയാകാന്‍ ആര്‍ക്കും സ്വപ്നം കാണാമെന്ന് അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ അന്തരിച്ച ദേവരാജ് അരസും രാമകൃഷ്ണ ഹെഗ്ഡെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും മത്സരിച്ചില്ലെങ്കിലുംമുഖ്യമന്ത്രിയാകുന്നത് സംസ്ഥാനം കണ്ടിട്ടുണ്ട്. മുന്‍ കെപിസിസി പ്രസിഡന്‍റ് ജി പരമേശ്വരയുടെ അനുയായികളും സമാനമായ പ്രചാരണത്തിന് തുടക്കം കുറിച്ചതായി ശിവകുമാര്‍ പറഞ്ഞു.കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 224 എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുല്യമാണെന്നും ഒരാള്‍ക്ക് അത്തരം അഭിലാഷങ്ങളുള്ളതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പിലെ നിയമസഭാ സാമാജികര്‍ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി അവതരിപ്പിച്ചശേഷം പ്രതിപക്ഷനേതാവ് ഇങ്ങനൊരു ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നു. ‘ഞങ്ങളുടെ പാര്‍ട്ടിയില്‍, അത്തരം സുപ്രധാന വിഷയങ്ങളില്‍ ഞങ്ങളുടെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നു. ആദ്യം നമുക്ക് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാം,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സിദ്ധരാമയ്യ അനുകൂല ക്യാമ്പിന് പാര്‍ട്ടി മുമ്പുതന്നെ ശക്തമായ താക്കീതുനല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിച്ചാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്. ഇവിടെ സ്വീകരിക്കണ്ട നയം എന്താണെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതായും ശിവകുമാര്‍ നേരത്തെതന്നെ പറഞ്ഞിരുന്നു.
“ഒരു വിഭാഗം എംഎല്‍എമാരുടെ പ്രസ്താവനകള്‍ ഞാന്‍ മാധ്യമങ്ങളില്‍ കണ്ടു. നിയമസഭാ നേതാവ് (സിദ്ധരാമയ്യ) അദ്ദേഹം നമ്മുടെ സിഎല്‍പി നേതാവായതിനാല്‍ അത് പരിശോധിക്കും. ഇല്ലെങ്കില്‍ അത് പരിശോധിക്കാന്‍ പാര്‍ട്ടി ഉണ്ട്,” ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള തിരക്കിലാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇളയ സഹോദരനും ബെംഗളൂരു ലോക്സഭാ എംപിയുമായ ഡി.കെ. സുരേഷ് അധികാരത്തിനു വേണ്ടി മാത്രം കോണ്‍ഗ്രസിലേക്ക് കടന്ന ആളുകളില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുകയെന്ന് സിദ്ധരാമയ്യയെ പരിഹസിച്ചു.
“യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പോരാടുന്നു. തെരഞ്ഞെടുപ്പ് ഇനിയും ഏകദേശം രണ്ട് വര്‍ഷം അകലെയാണ്, ഭരണകക്ഷിയുടെ തെറ്റായ നയപരമായ തീരുമാനങ്ങള്‍ കാരണം ആളുകള്‍ മരിക്കുമ്പോള്‍ ഈ ഘട്ടത്തില്‍, ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ ചര്‍ച്ച ആവശ്യമാണോ? അധികാരത്തിനുവേണ്ടി കോണ്‍ഗ്രസിലേക്കുവന്ന ആളുകള്‍ക്ക് അത്തരം കാര്യങ്ങള്‍മാത്രമാണ് പറയാനുണ്ടാവുക. അവര്‍ അധികാരദാഹികളല്ലാതെ മറ്റൊന്നുമല്ല, “സിദ്ധരാമയ്യയുടെ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.