December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്: ജസ്റ്റിസ് രമണയെ ശുപാര്‍ശ ചെയ്തു

1 min read

ന്യൂഡെല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) എസ്എ ബോബ്ഡെ ജസ്റ്റിസ് എന്‍ വി രമണയെ തന്‍റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തു. ഇത്സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിന് ഒരു കത്ത് അയക്കുകയും ശുപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് രമണയ്ക്ക് കൈമാറുകയും ചെയ്തു. സിജെഐ ബോബ്ഡെ ഏപ്രില്‍ 23 ന് വിരമിക്കും. 2019 നവംബറില്‍ 47-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ബോബ്ഡെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കുശേഷമാണ് അധികാരമേറ്റത്. വിരമിക്കാന്‍ ഒരു മാസത്തില്‍ കുറച്ചുമാത്രമേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്‍റെ ശുപാര്‍ശ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിജെഐയുടെ ശുപാര്‍ശ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കൈമാറും. നിയമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിവരങ്ങള്‍ ധരിപ്പിക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

സിജെഐ ബോബ്ഡെയ്ക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ആന്ധ്രാ സ്വദേശിയായ ജസ്റ്റിസ് എന്‍വി രമണ. അദ്ദേഹത്തിന്‍റെ കാലാവധി 2022 ഓഗസ്റ്റ് 26 വരെ തുടരും. ജസ്റ്റിസ് രമണയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി 2000 ജൂണില്‍ നിയമിച്ചു. 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഡെല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിരുന്നു.

ജമ്മു കശ്മീരിലെ ഇന്‍റര്‍നെറ്റ് സസ്പെന്‍ഷന്‍ ഉടന്‍ പുനരവലോകനം ചെയ്യണമെന്ന് വിധിച്ച ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് രമണ. വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വരുന്നുവെന്ന് വാദിച്ച പാനലിന്‍റെ ഭാഗവുമായിരുന്നു അദ്ദേഹം. അടുത്ത ചീഫ് ജസ്റ്റിസിനെ ഏപ്രില്‍ 24 ന് നിയമിക്കും. പ്രോട്ടോക്കോള്‍ അനുസരിച്ച്, ‘പദവി വഹിക്കാന്‍ ഉചിതമെന്ന് കരുതുന്ന സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ’ ആണ് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിലേക്ക് നിയമിക്കുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3