കോവിഡ് വ്യാപനം: കേന്ദ്രസംഘമെത്തുന്നു
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സംഘം കേരളവും വഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാജ്യത്തെ കൊറോണ വൈറസ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണെന്ന് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും വൈറസ് വ്യാപനത്തിന്റെ തോത് താഴ്ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ രണ്ടുസംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാകുന്നത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ന്യൂഡെല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്നതാണ് മഹാരാഷ്ട്രയിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ എച്ച് ആന്‍ഡ് എഫ്ഡബ്ല്യു മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസ്, ന്യൂഡെല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് എന്നിവയിലെ വിദഗ്ധരും കേരള സംഘത്തിലുണ്ട്.
സംഘങ്ങള്‍ അതത് സംസ്ഥാനത്തെ ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും നിലവിലുള്ള സ്ഥിതിഗതികള്‍ പരിശോധിക്കുകയും രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.