അനുമതി കിട്ടി , ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 20 ആസ്തികള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജി
1 min read- ഇന്ത്യയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതി അനുമതി നല്‍കി
- ബ്രിട്ടീഷ് എണ്ണ കമ്പനിയാണ് കെയിന്‍ എനര്‍ജി
- ഇന്ത്യയുടെ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി
പാരിസ്: ഫ്രാന്‍സില്‍ ഇന്ത്യക്കൊരു തിരിച്ചടി. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ ഫ്രാന്‍സിലുള്ള 20 ആസ്തി വകകള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതി അനുമതി നല്‍കി. ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണ കമ്പനിയാണ് കെയിന്‍.
നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ 1.7 ബില്യണ്‍ ഡോളര്‍ കെയിന്‍ എനര്‍ജിക്ക് നല്‍കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. കെയിന്‍ എനര്‍ജിക്ക് 1.2 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഹേഗിലെ പെര്‍മനന്‍റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ 2020 ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ ഉത്തരവിനോട് ഇന്ത്യ പ്രതികരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 20 ആസ്തി വകകള്‍ പിടിച്ചെടുക്കാന്‍ കെയിന്‍ എനര്‍ജിക്ക് ഫ്രഞ്ച് കോടതി അനുമതി നല്‍കിയത്.
ഫ്രഞ്ച് കോടതിയുടെ നോട്ടീസ് കൈപ്പറ്റിയാല്‍ ഇന്ത്യ വിഷയത്തെ നിയമപരമായി നേരിടുമെന്നാണ് സൂചന. ഇന്ത്യയുമായി സമവായത്തിലുള്ള ഒരു സെറ്റില്‍മെന്‍റാണ് കെയിന്‍ ആഗ്രഹിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. നികുതി സംബന്ധിച്ച വിഷയങ്ങളില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലുകളുടെ നിര്‍ദേശങ്ങള്‍ ഇന്ത്യ അനുസരിക്കില്ലെന്നും ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ടതാണ് നികുതി വിഷയങ്ങളെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് അറിയുന്നു.