December 23, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വേറിട്ട പുനഃസംഘടന; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പുകള്‍

1 min read

ന്യൂഡെല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ മന്ത്രസഭാ പുനഃസംഘടന അതിന്‍റെ സ്വഭാവം കൊണ്ട് വേറിട്ടതാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്തുള്ള ഒരു ഗണിതശാസ്ത്രമാണ് ഇതിനുപിന്നില്‍. 36 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 43 മന്ത്രിമാരാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയില്‍ ഇപ്പോള്‍ 27 ഒബിസി മന്ത്രിമാരും 12 പട്ടികജാതി മന്ത്രിമാരും എട്ട് പട്ടികവര്‍ഗക്കാരും ഉണ്ട്. ബാക്കി 30 പേര്‍ ഉയര്‍ന്ന ജാതി വിഭാഗത്തില്‍ പെടുന്നവരാണ്.2014 ലെ ആദ്യത്തെ മോദി സര്‍ക്കാരില്‍ 13 ഒബിസി മന്ത്രിമാരും മൂന്ന് ദലിതരും ആറ് ആദിവാസികളും 20 ഉയര്‍ന്ന ജാതിക്കാരുമാണ് ഉണ്ടായിരുന്നത്. ഈ കണക്ക് പരിശോധിക്കുമ്പോള്‍ പുതിയ പുനഃസംഘടന പ്രധാന്യമര്‍ഹിക്കുന്നു. ബുധനാഴ്ചത്തെ പുനഃസംഘടനയില്‍ ഒബിസി മന്ത്രിമാരില്‍ അഞ്ച് പേര്‍ക്കും രണ്ട് ദലിതര്‍ക്കും മൂന്ന് ആദിവാസികള്‍ക്കും കാബിനറ്റ് ബെര്‍ത്ത് ഉണ്ട് എന്നതും പ്രത്യേകതയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക്ഈ വിഭാഗങ്ങള്‍ എത്രത്തോളം നിര്‍ണായകമാണെന്ന് പുതിയ മന്ത്രിസഭ അടിവരയിടുന്നു.

മന്ത്രിസഭയില്‍ ഇടം ലഭിച്ചവരില്‍ ലക്നൗവിലെ മോഹന്‍ലാല്‍ഗഞ്ച് സീറ്റില്‍ നിന്നുള്ള ദലിത് എംപി കൗശല്‍ കിഷോര്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ രണ്ടാമത്തെ കോവിഡ് തരംഗത്തില്‍ കിടക്കകളുടെയും ഓക്സിജന്‍റെയും അഭാവം ഉന്നയിച്ച ആദ്യത്തെ ബിജെപി നേതാക്കളില്‍ ഒരാളാണ് ഈ ദലിത് എംപി. കോവിഡില്‍ സഹോദരനെ നഷ്ടപ്പെട്ട അദ്ദേഹം സംസ്ഥാനത്തെ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ കാരണം സംസ്ഥാനത്തുണ്ടായ കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ നേതാവ് എന്നനിലയ്ക്കാണ്. അത് യുപിയിലെ ദലിതര്‍ക്കിടയില്‍ കൗശലിന് പിന്തുണയേറാന്‍ കാരണമായതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

  വസന്തോത്സവം-2025 ഡിസംബര്‍ 24 ന് തുടക്കമാകും

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങുകയാണ്. ജലൂണ്‍ എംപി ഭാനു പ്രതാപ് വര്‍മ്മ, ആഗ്ര എംപി എസ് പി സിംഗ് ബാഗേല്‍ എന്നിവര്‍ സഹമന്ത്രിമാരായതും ദലിത് ആയതിനാലാണ്. സമാജ്വാദി പാര്‍ട്ടി മേധാവി മുലായം സിംഗ് യാദവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായിട്ടാണ് ബാഗേല്‍ തന്‍റെ കരിയര്‍ ആരംഭിച്ചത് എന്നതാണ് ഏറെ രസകരം.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒബിസി മുഖങ്ങളില്‍ പ്രധാനമാണ് അപ്നദള്‍ എംപി അനുപ്രിയ പട്ടേല്‍. കഴിഞ്ഞ മോദി സര്‍ക്കാരില്‍ അവര്‍ മന്ത്രിയായിരുന്നു. മഹാരാജ്ഗഞ്ച് എംപി പങ്കജ് ചൗധരി, 59 കാരനായ രാജ്യസഭാ എംപി ബിഎല്‍ വര്‍മ്മ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ നിന്ന് ഒബിസി നേതാവ് ദര്‍ശനം വിക്രം ജര്‍ദോഷും ദലിത് കോളി സമുദായത്തിലെ അംഗമായ മുഞ്ജപര മഹേന്ദ്രഭായിയും ഇപ്പോള്‍ ടീം മോദിയുടെ ഭാഗമാണ്. അടുത്ത കാലത്തായി പ്രധാനമന്ത്രി ഗുജറാത്തിന് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം തന്നെ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ രണ്ട് മന്ത്രിമാര്‍ മാത്രമാണ് ഗുജറാത്തില്‍ നിന്നുണ്ടായിരുന്നത്. പ്രബലമായ പട്ടേല്‍ സമുദായത്തിലെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ ജാതികളെയും പ്രതിനിധീകരിച്ച് ആറ് മന്ത്രിമാര്‍ ഇപ്പോള്‍ സംസ്ഥാനത്തു നിന്നുള്ളവരാണ്.

  'ഇന്നൊവേഷന്‍ ട്രെയിന്‍': യാത്രികരായി 950 ലധികം യുവസംരംഭകര്‍

പശ്ചിമ ബംഗാളില്‍ നിന്ന്, മാതുവ സമുദായത്തില്‍പ്പെട്ട സാന്താനു താക്കൂറിന്‍റെയും രാജ്ബാന്‍ഷി സമുദായത്തിലെ അംഗമായ നിസിത് പ്രമാണിന്‍റെയും മന്ത്രിസഭാ പ്രവേശനം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മനസ്സില്‍ വെച്ചുകൊണ്ടാണ് നടന്നതെന്ന് നിസംശയം പറയാം. ഗോത്ര നേതാവ് ജോണ്‍ ബാര്‍ളയെയും മോദി സര്‍ക്കാര്‍ സംസ്ഥാനത്ത് നിന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം സമാനമായ ഒരു കഥയാണ് പറയാനുള്ളത്. ആദിവാസി, ഒബിസി സമുദായങ്ങളിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ പുതിയ കേന്ദ്രമന്ത്രിമാരില്‍ ഭിവണ്ടി എംപി കപില്‍ മോരേശ്വര്‍ പാട്ടീല്‍, രാജ്യസഭാ എംപി ഡോ. ഭഗവത് കിഷന്‍റാവു കാരാദ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഇരുവരും പാര്‍ട്ടിയുടെ ഒബിസി മുഖങ്ങളാണ്. സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു പുതിയ മന്ത്രി ജിന്‍ഡോരി എംപി ഭാരതി പ്രവീണ്‍ പവാര്‍ ആണ്.

  നാസ സ്പേസ് ആപ്സ് ചലഞ്ചിന്റെ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്

2023 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള പുതിയ മന്ത്രിമാരില്‍ ശോഭ കരന്ദ്ലാജെ എന്ന വോക്കലിഗ വിഭാഗ നേതാവ് ഉള്‍പ്പെടുന്നു. ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഭഗവന്ത് ഖുബ, ദലിത് നേതാവായ എ. നാരായണസ്വാമി, കൂടാതെ ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പ്രധാനമന്ത്രിയുടെ പുതിയ ടീമിന്‍റെ ഭാഗമായി. മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിസഭയില്‍ ഇപ്പോള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പുറമെ പട്ടികജാതി സമുദായത്തില്‍ നിന്നുള്ള ഏഴു തവണ എംപിയായ വീരേന്ദ്ര കുമാറും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം കൈമാറി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്ത് എല്ലാ സമുദായങ്ങള്‍ക്കും ഇത്രയും വലിയ പ്രാതിനിധ്യം നല്‍കേണ്ടത് അനിവാര്യമാണെന്ന് ബിജെപി മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. മന്ത്രിമാരില്‍ പലരും സ്വന്തം സമുദായത്തിലെ ജാതി നേതാക്കളല്ല, പകരം രാഷ്ട്രീയ നേതാക്കളാണ് എന്നും പാര്‍ട്ടി പറയുന്നു.

Maintained By : Studio3