യുഎഇയിലെ ജള്‍ഫര്‍ കമ്പനി അടുത്ത മാസത്തോടെ വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിക്കും
1 min readചൈനയുടെ സിനോഫാം വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി ജി42 മെഡിക്കേഷന്‍സ് ട്രേഡിംഗുമായി ജള്‍ഫര്‍ കരാറില്‍ ഒപ്പുവെച്ചു
അബുദാബി: യുഎഇ ആസ്ഥാനമായ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജള്‍ഫര്‍) അടുത്ത മാസത്തോടെ കോവിഡ്-19 വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും. ചൈനയിലെ സിനോഫാമില്‍ നിന്നും വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ജി42 മെഡിക്കേഷന്‍ ട്രേഡിംഗുമായി കരാര്‍ ഒപ്പുവെച്ചതായി അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച പ്രസ്താവനയില്‍ ജള്‍ഫര്‍ അറിയിച്ചു.
കോവിഡ്-19 വാക്‌സിന്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനുള്ള പുതിയ പദ്ധതി കഴിഞ്ഞ ദിവസമാണ് യുഎഇ അവതരിപ്പിച്ചത്. യുഎഇയിലെ ഗ്രൂപ്പ് 42ഉം ചൈനയിലെ സിനോഫാം സിഎന്‍ബിജിയും സംയുക്തമായാണ് ലൈഫ് സയന്‍സസ് ആന്‍ഡ് വാക്‌സിന്‍ മാനുഫാക്ചറിംഗ് ഇന്‍ ദ യുഎഇ പദ്ധതി നടപ്പിലാക്കുന്നത്. ചിലവ് കുറഞ്ഞ വാക്‌സിന്‍ നിര്‍മാണത്തിനായി യുഎഇയും ചൈനയും തമ്മില്‍ സഹകരിക്കുമെന്നും ആവശ്യമുള്ള രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ഇ വ്യക്തമാക്കിയിട്ടുണ്ട്. ഹയാത്-വാക്‌സ് ആണ് യുഎഇയില്‍ നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദ്യ കോവിഡ്-19 വാക്‌സിന്.
ചൈനീസ് വാക്‌സിനായ സിനോഫാമിനാണ് യുഎഇ ആദ്യമായി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. 2020 ജൂണിലെ മരുന്ന് പരീക്ഷണങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ചൈനയില്‍ നിര്‍മിച്ച വാക്‌സിന് അംഗീകാരം നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരുന്നു യുഎഇ. യുഎഇയില്‍ ഇതുവരെ 457,071 കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.