തീരമൈത്രി സീഫുഡ് റെസ്റ്റോറന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ: സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ വഴി സീഫുഡ് റെസ്സോറന്‍റ് യൂണിറ്റുകള്‍ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല (തെക്ക്) പഞ്ചായത്തിലെ ആയിരംതൈയ്യിലും, ആറാട്ടുപ്പുഴ പഞ്ചായത്തിലെ വലിയഴീക്കലിലുമായി രണ്ട് സീഫുഡ് റെസ്സോറന്‍റുകള്‍ ആരംഭിച്ചു. റെസ്റ്റോറന്‍റുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു.
ജില്ലയില്‍ അഞ്ച് സീഫുഡ് റെസ്സോറന്‍റ് യൂണിറ്റുകളാണ് അനുവദിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ സാഫില്‍ നിന്നും ഗ്രാന്‍റായി ലഭിച്ചു.
ചേര്‍ത്തല (തെക്ക്) പഞ്ചായത്തിലെ ആയിരംതൈയ്യില്‍ ആരംഭിച്ച തീരം സീഫുഡ് റെസ്സോറന്‍റ് യൂണിറ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വെച്ച് സാഫ് വഴി രൂപീകരിച്ച ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുളള പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനവും നടന്നു. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍ക്ക് 50,000 രൂപ വരെയാണ് പലിശ രഹിത വായ്പയായി നല്‍കുന്നത്. 125 ജെഎല്‍ജി ഗ്രൂപ്പുകളാണ് സാഫ് വഴി ജില്ലയില്‍ രൂപീകരിച്ചിരിക്കുന്നത്.