ബാഡ് ബാങ്കിന് സര്‍ക്കാര്‍ പണം മുടക്കില്ല, ഉടമസ്ഥാവകാശവുമില്ല
1 min read2.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയേക്കും
500 കോടി രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ ആസ്തികളാകും തുടക്കത്തില്‍ ബാഡ് ബാങ്കിന് കീഴില്‍ വരിക
ആര്‍ബിഐയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്
മുംബൈ: നിഷ്‌ക്രിയ ആസ്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്ന ബാഡ് ബാങ്കിനായി കേന്ദ്രം ഫണ്ട് മുടക്കില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പണം നല്‍കുകയോ ഉടമസ്ഥാവകാശം കൈയാളുകയോ ചെയ്യാത്ത തരത്തിലായിരിക്കും സ്ഥാപനത്തിന്റെ ഘടനയെന്നാണ് ചില ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ പുതിയതായി തുടങ്ങാനിരിക്കുന്ന ബാഡ് ബാങ്കിലേക്ക് മാറ്റപ്പെടും.
ബാഡ് ബാങ്ക് എന്ന സംവിധാനം പൂര്‍ണമായും ഫണ്ട് ചെയ്യുന്നതും നിയന്ത്രിക്കുന്നതും വാണിജ്യ ബാങ്കുകള്‍ തന്നെയായിരിക്കുമെന്നാണ് സൂചന. 500 കോടിക്ക് മുകളിലുള്ള കിട്ടാക്കടങ്ങള്‍ എല്ലാം ബാഡ് ബാങ്കിന് കീഴില്‍ കൊണ്ടു വരും. ഏകദേശം 70 ഓളം എക്കൗണ്ടുകളില്‍ നിന്നാകും ഇത് വരുക.
അധികം വൈകാതെ തന്നെ ബാഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാഡ് ബാങ്ക് സംവിധാനത്തില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള യാതൊരു വിധ ഇടപടെലുകളോ ഉണ്ടാകില്ല. ഫണ്ടിംഗിന്റെ കാര്യത്തിലായാലും ശരി, മാനേജ്‌മെന്റ് ഇടപെടലിന്റെ കാര്യത്തിലായാലും ശരി. സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബാങ്കുകള്‍ ചേര്‍ന്നായിരിക്കും ഫണ്ടിംഗ്്.
അതേസമയം എത്ര രൂപയായിരിക്കും ബാഡ് ബാങ്കിനായുള്ള പ്രാഥമിക മൂലധനം എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ആസ്തി പുനര്‍നിര്‍മാണ കമ്പനി എന്ന രീതിയിലോ അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്ന രീതിയിലോ ആയിരിക്കും പുതിയ ബാങ്ക് നിലവില്‍ വരുക. നിലവില്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ കടുത്ത തലവേദന ആയ കിട്ടാക്കടപ്രശ്‌നം പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള അറ്റ നിഷ്‌ക്രിയ ആസ്തിയെല്ലാം ബാങ്ക് ഏറ്റെടുക്കും അത് പരിഹരിക്കാനായി പ്രൊഫഷണല്‍ സമീപനം സ്വീകരിക്കുകയും ചെയ്യും.
ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ് ബാഡ് ബാങ്ക്. 2018 ല്‍ പൊതുമേഖല ബാങ്കുകള്‍ക്കായി പ്രൊജക്റ്റ് ശക്തിയെന്ന പേരില്‍ സര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി പ്രശ്‌നം പരിഹരിക്കാനുള്ള അഞ്ചിന കര്‍മ പദ്ധതി അടങ്ങിയതായിരുന്നു അത്. അതിന് ശേഷമാണ് ആസ്തി പുനര്‍നിര്‍മാണ കമ്പനികളുടെ രൂപത്തില്‍ കിട്ടാക്കട പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശങ്ങള്‍ വന്നത്. ആസ്തി വീണ്ടെടുക്കുന്നതോടൊപ്പം തൊഴില്‍ സൃഷ്ടിക്കലും അതിന്റെ അജണ്ടയായി വന്നു.