ദീപക് സത്വാലേകര്‍ ഏഷ്യന്‍ പെയ്ന്‍റ്സ് ചെയര്‍മാന്‍
1 min readമുംബൈ: കമ്പനിയുടെ ചെയര്‍മാനായി ദീപക് സത്വാലേകറെ നിയമിക്കുന്നതിന് ഏഷ്യന്‍ പെയിന്‍റ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നിലവില്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായിരിക്കുന്ന സത്വാലേകര്‍ 2023 സെപ്റ്റംബര്‍ 30 വരെ ബോര്‍ഡിന്‍റെയും കമ്പനിയുടെയും ചെയര്‍മാനായി തുടരുമെന്ന് ഏഷ്യന്‍ പെയിന്‍റ്സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ജൂണ്‍ 22ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ദീപക് സത്വാലേകറുടെ നിയമനം സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തത്. 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള കമ്പനിയുടെ വാര്‍ഷിക പൊതുയോഗം സമാപിച്ചു. 2020-21 വര്‍ഷത്തിനായുള്ള വാര്‍ഷിക പൊതുയോഗം ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടത്താന്‍ തീരുമാനിച്ചതായും ഫയലിംഗില്‍ പറയുന്നു.
ചെയര്‍മാന്‍ എന്ന നിലയില്‍ അശ്വിന്‍ ദാനിയുടെ ദീര്‍ഘകാല നേതൃത്വത്തിനും നിര്‍ദ്ദേശത്തിനും ബോര്‍ഡ് അഭിനന്ദനം അറിയിച്ചു. നോണ്‍ എക്സിക്യൂട്ടീവ് / പ്രൊമോട്ടര്‍ ഡയറക്ടറായി അദ്ദേഹം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും. മനീഷ് ചോക്സി കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി തുടരുമെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ മുന്‍നിര പെയ്ന്‍റ് നിര്‍മാണ കമ്പനിയാണ് ഏഷ്യന്‍ പെയ്ന്‍റ്സ്.