ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സ് ഏറ്റെടുക്കല്‍ പിരമല്‍ ഫാര്‍മ പൂര്‍ത്തിയാക്കി
മുംബൈ: ഹെമ്മോ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഏറ്റെടുക്കല്‍ പിരമല്‍ ഫാര്‍മ പൂര്‍ത്തിയാക്കി. 775 കോടി രൂപയും നാഴികക്കല്ലുകള്‍ പിന്നിടുന്നതിന്‍റെ അടിസ്ഥാനത്തിലുള്ള തുകയും ചേര്‍ന്നതാണ് ഇടപാട്. മാര്‍ച്ചിലാണ് പിരമല്‍ ഫാര്‍മയുടെ മാതൃ കമ്പനിയായ പിരമല്‍ എന്‍റര്‍പ്രൈസസ് നിര്‍ദ്ദിഷ്ട ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി പിരാമല്‍ എന്‍റര്‍പ്രൈസസ് ബുധനാഴ്ച റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
പെപ്റ്റൈഡ് എപിഐകള്‍ (ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍) നിര്‍മിക്കുന്നതിലേക്കുള്ള പിരമല്‍ ഫാര്‍മയുടെ വരവിനെ കൂടി ഈ ഏറ്റെടുക്കല്‍ സാധ്യമാക്കുന്നു. പ്യൂവര്‍ പ്ലേ സിന്തറ്റിക് പെപ്റ്റൈഡ് എപിഐ നിര്‍മ്മാണം നടത്തുന്ന ആഗോള തലത്തില്‍ തന്നെയുള്ള ചുരുക്കം കമ്പനികളില്‍ ഒന്നാണ് ഹെമ്മോ. ഈ മേഖലയിലേക്ക് എത്തുന്നത് ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംയോജിത സേവനങ്ങള്‍ നല്‍കാനുള്ള പിരമലിന്‍റെ ശേഷി വര്‍ധിപ്പിക്കും.
ഏറ്റെടുക്കല്‍ വാര്‍ത്ത വന്നതോടെ ഇന്നലെ ഓഹരി വിപണിയില്‍ പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ വിലയില്‍ മുന്നേറ്റം ഉണ്ടായി. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം സമീപ ഭാവിയില്‍ ഏറ്റവുമധികം വളര്‍ച്ചാ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന മേഖലയാണ്.