November 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു

1 min read

  • ഡോ. ഹരീഷ് ചന്ദ്രൻ (M.S.ORTHO, FASM, FAA (ITALY))

സന്ധികളില്‍ നീര്‍ക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആര്‍ത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20 മുതല്‍ 25 ശതമാനം പ്രായമായ ആളുകളിലും സാധാരണയായി കണ്ടുവരുന്ന രോഗവസ്ഥയാണ് സന്ധിവാതം. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്. 30 വയസ്സു പിന്നിട്ട സ്ത്രീകളിലും സന്ധിവാതം ഇപ്പോള്‍ കണ്ടുവരുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണമായി പറയുന്നത്. സന്ധിവാതത്തെ പ്രധാനമായും ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസ് (degenerative arthritis), ഇന്‍ഫ്ലമേറ്ററി ആര്‍ത്രൈറ്റിസ് (inflammatory arthritis) എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രായാധിക്യം മൂലം സന്ധികളിലുണ്ടാകുന്ന തേയ്മാനം മൂലമുണ്ടാകുന്ന രോഗമാണ് ഡീജനറേറ്റീവ് ആര്‍ത്രൈറ്റിസ് അഥവാ ഒസ്റ്റിയോ അര്‍ത്രൈറ്റിസ്. നാല്‍പതു വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാല്‍മുട്ട്, കഴുത്ത്, നടുവ് എന്നിവിടങ്ങളിലെ സന്ധികളെയാണ് രോഗം പ്രധാനമായും ബാധിക്കുക. ചില ആളുകളില്‍ കൈവിരലുകളിലെ സന്ധികളെയും ആര്‍ത്രൈറ്റിസ് ബാധിക്കും. അസ്ഥികളെ മൂടി നില്‍ക്കുന്ന തരുണാസ്ഥിക്ക് (cartilage) പ്രായാധിക്യം മൂലം തേയ്മാനം വരുന്നതാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിലേക്ക് നയിക്കുന്നത്. തരുണാസ്ഥിയിലെ തേയ്മാനം മൂലം എല്ലുകള്‍ തമ്മിലുള്ള അകലം കുറയും. നടക്കുമ്പോഴും ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കുമ്പോഴുമൊക്കെ വേദനയുണ്ടാകും. എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ വേദന കൂടുകയും, വിശ്രമിക്കുമ്പോള്‍ വേദന കുറയുകയും ചെയ്യും.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

കാല്‍മുട്ടിലെ വാതത്തിന് പ്രധാന കാരണം അമിതവണ്ണമാണ്. ചിട്ടയായ വ്യായാമവും മരുന്നുകളും കൊണ്ട് കാല്‍മുട്ട് വേദനയ്ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. അതേസമയം തരുണാസ്ഥിയില്‍ കാര്യമായ തേയ്മാനം ഉണ്ടെങ്കില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും.  ഇന്‍ഫ്ലമേറ്ററി അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കുറച്ചുകൂടി ഗൗരവമേറിയ രോഗമാണ്. ആമവാതം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഏതു പ്രായക്കാരെയും ബാധിക്കാം എന്ന പ്രത്യേകതയും ഈ വാതരോഗത്തിനുണ്ട്. കുട്ടികളിലും, മുതിര്‍ന്നവരിലും ഒരേപോലെ കണ്ടുവരുന്നു. സ്ത്രീകളിലാണ് റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്. ചെറു സന്ധികളില്‍ അതായത് കൈകാലുകളിലെ വിരലുകളോടു ചേര്‍ന്ന സന്ധികളിലും കൈത്തണ്ടയിലും കാല്‍കുഴയിലും വേദന അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. വേദനയുള്ള ഭാഗത്ത് നീര്‍ക്കെട്ട് കാണപ്പെട്ടേക്കാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇതേ സന്ധികളില്‍ മുറുക്കവും അനുഭവപ്പെട്ടേക്കാം. ചിലരില്‍ കാല്‍മുട്ട്, നടുവ്, ഉപ്പൂറ്റി തുടങ്ങിയ വലിയ സന്ധികളെയും ബാധിക്കുന്നതായി കാണാം. ഇതിനെ സീറോനെഗറ്റീവ് ആര്‍ത്രൈറ്റിസ് എന്നു പറയും. 15 മുതല്‍ 40 വയസ്സുവരെയുള്ള ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നടുവിന് മുറുക്കം, നീര്‍ക്കെട്ട്, കാല്‍ നിലത്തൂന്നുമ്പോള്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുന്നവര്‍ ചികിത്സാ പരിശോധനകള്‍ നടത്തി ആര്‍ത്രൈറ്റിസ് അല്ലാ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. യൂറിക്ക് ആസിഡുമായി ബന്ധപ്പെട്ടു വരുന്ന ഗൗട്ട് എന്ന വാതരോഗവുമുണ്ട്. രക്തത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് വര്‍ധിക്കുന്നതാണ് ഈ രോഗത്തിന് കാരണം. അമിത അളവിലുള്ള യൂറിക് ആസിഡ് സന്ധികളില്‍ അടിഞ്ഞുകൂടും, ഇത് സന്ധികളില്‍ നീര്‍ക്കെട്ടിന് കാരണമാകും. പുരുഷന്‍മാരിലാണ് ഗൗട്ട് രോഗം കൂടുതലായി കണ്ടുവരുന്നത്. അതേസമയം യൂറിക്കാസിഡിന്‍റെ അളവ് കൂടുതലുള്ള എല്ലാവരിലും ഇത് വരണമെന്നും നിര്‍ബന്ധമില്ല. മരുന്ന്, ഭക്ഷണക്രമത്തിലെ മാറ്റം വ്യായാമം എന്നിവകൊണ്ട് രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

  ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്

സ്ത്രീകളിലെ സന്ധിവേദന: ഇന്ത്യയില്‍ 60 വയസ്സു പിന്നിട്ട മൂന്നില്‍ ഒരു സ്ത്രീയ്ക്ക് സന്ധിവാതം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇരുപതുകളിലും മുപ്പതുകളിലുമുള്ള സ്ത്രീകളിലും സന്ധിവാതം ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സന്ധികള്‍ ചെറുതായതിനാല്‍ തരുണാസ്ഥിയുടെ വലുപ്പം സ്ത്രീകളില്‍ കുറവായിരിക്കും. ഇത് സന്ധികള്‍ക്ക് തേയ്മാനം വരാനുള്ള സാധ്യത കൂട്ടുന്നു. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ പോലുള്ള ഹോര്‍മോണുകളുടെ തോത് സ്ത്രീകളില്‍ അധികമായിരിക്കുന്നത് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കാം. ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമത്തിലും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും സന്ധിവേദനയ്ക്കും, സന്ധികളിലെ പിരിമുറുക്കത്തിനും കാരണമായേക്കാം. ജനിതക പാരമ്പര്യവും സന്ധിവാതത്തിന്‍റെ കാര്യത്തില്‍ ഒരു പ്രധാന ഘടകമാകാറുണ്ട്. കുടുംബപരമായി സന്ധിവേദനയുടെ ചരിത്രമുള്ളവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്
Maintained By : Studio3