വനവല്‍ക്കരണ പദ്ധതികള്‍ക്കായി ആപ്പിളിന്റെ 200 മില്യണ്‍ ഡോളര്‍ പ്രഖ്യാപനം
കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുമായി സഹകരിച്ചാണ് ‘റിസ്‌റ്റോര്‍ ഫണ്ട്’ പ്രഖ്യാപിച്ചത്
കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: മരത്തടികള്‍ എടുക്കാന്‍ കഴിയുന്ന വാണിജ്യ വനവല്‍ക്കരണ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് 200 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,490 കോടി ഇന്ത്യന്‍ രൂപ) ഫണ്ട് ആപ്പിള്‍ പ്രഖ്യാപിച്ചു. ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. ലാഭം ഉണ്ടാക്കുന്നത് മറ്റൊരു ലക്ഷ്യമാണ്. കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുമായി സഹകരിച്ചാണ് ‘റിസ്‌റ്റോര്‍ ഫണ്ട്’ പ്രഖ്യാപിച്ചത്. ആദ്യ വനവല്‍ക്കരണ പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ നീക്കം ചെയ്യുന്നതിന് പ്രകൃതി തന്നെ ചില മികച്ച ഉപകരണങ്ങള്‍ നല്‍കുന്നതായി ആപ്പിളിന്റെ പരിസ്ഥിതി നയ, സാമൂഹ്യസംരംഭ വിഭാഗം വൈസ് പ്രസിഡന്റ് ലിസ ജാക്‌സണ്‍ പറഞ്ഞു. സാമ്പത്തിക വരുമാനം ഉറപ്പാക്കുന്നതും കാര്‍ബണ്‍ ആഘാതങ്ങള്‍ കുറയ്ക്കുന്നതുമായ ഫണ്ട് സൃഷ്ടിക്കുന്നതിലൂടെ ഭാവിയില്‍ വലിയ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കാര്‍ബണ്‍ നീക്കം ചെയ്യുന്നതിന് നിക്ഷേപം നടത്താന്‍ ലോകമെങ്ങുമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ലിസ ജാക്‌സണ്‍ വ്യക്തമാക്കി.
അന്തരീക്ഷത്തില്‍നിന്ന് മരങ്ങള്‍ അല്ലെങ്കില്‍ വനങ്ങള്‍ കാര്‍ബണ്‍ വലിച്ചെടുക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് മരങ്ങളുടെ സംഭാവന നിലയ്ക്കും. അന്തരീക്ഷത്തില്‍നിന്ന് പ്രതിവര്‍ഷം പത്ത് ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ഫണ്ട് പ്രഖ്യാപിച്ചതിലൂടെ ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് തുല്യമാണിത്. 2030 ഓടെ ഉല്‍പ്പാദന പ്രകിയ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.