എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- മുംബൈ സർവ്വീസ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലർച്ചെ 1.10നും മുംബൈയിൽ നിന്നും രാത്രി 10.50നുമാണ് സർവീസുകൾ. നേരിട്ടുള്ള സർവീസ് ആയതിനാൽ രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര സമയം. ഫെബ്രുവരി 23 പുലർച്ചെ 1.10നായിരുന്നു മുംബൈയ്ക്കുള്ള ആദ്യ സർവീസ്. കോഴിക്കോട്- മുംബൈ റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നേരിട്ടുള്ള ഈ സർവീസിന് വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ കോഴിക്കോട് നിന്ന് ആഴ്ചയിൽ 101 അന്താരാഷ്ട്ര വിമാന സർവീസുകള്‍ നടത്തുന്നുണ്ട്. എയർലൈൻ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകള്‍ നടത്തുന്നതും കോഴിക്കോട്ട് നിന്നാണ്.
കഴിഞ്ഞ മാസം കോഴിക്കോട് നിന്നും നേരിട്ടുള്ള പ്രതിദിന ബംഗളൂരു സർവീസും എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിരുന്നു. ഈ സർവീസുകള്‍ക്ക് പുറമേ ബഹ്റൈൻ, കുവൈറ്റ്, മസ്ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്. അയോധ്യ, ഡൽഹി, കൊൽക്കത്ത, ഭുവനേശ്വർ, ചെന്നൈ തുടങ്ങി 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വണ്‍-സ്റ്റോപ് ഫ്ലൈറ്റ് സർവീസുകളും ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോടിനെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ വിമാന സർവീസ് മലബാറിന്‍റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കും.