കൊച്ചിയില്‍ ഭാരത് പെട്രോളിയവുമായുള്ള രണ്ടാം വിതരണ കരാറും പ്രാവര്‍ത്തികമാക്കി എയര്‍ പ്രൊഡക്റ്റ്സ്
1 min readഎയര്‍ പ്രൊഡക്ട്സ് വിതരണം ചെയ്യുന്ന സിന്‍ഗ്യാസ് പിഡിപിപി പദ്ധതിയുടെ നിര്‍ണായക ഘടകം
കൊച്ചി: വ്യാവസായിക വാതകങ്ങളുടെ വന്‍ പദ്ധതികള്‍ വികസിപ്പിക്കുന്ന രംഗത്തെ ആഗോള മുന്‍നിരക്കാരായ എയര്‍ പ്രൊഡക്റ്റസ് കൊച്ചിയിലെ തങ്ങളുടെ വ്യാവസായിക വാതകസമുച്ചയത്തില്‍ നിന്ന് ഭാരത് പെട്രോളിയത്തിന് സിന്‍ഗ്യാസ് വിതരണം ആരംഭിച്ചു. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലെ പ്രൊപലിന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതിക്കാണ് (പിഡിപിപി) ഇങ്ങനെ സിന്‍ഗ്യാസ് നല്‍കുന്നത്.
കൊച്ചിയില്‍ ഭാരത് പെട്രോളിയവുമായുള്ള എയര്‍പ്രൊഡക്റ്റ്സിന്‍റെ രണ്ടാമത്തെ വിതരണകരാറാണിത്. സംയോജിത എണ്ണ ശുദ്ധീകരണ ശാലാ പദ്ധതിക്കു വേണ്ടി (ഐആര്‍ഇപി) 2017-ല്‍ കമ്മീഷന്‍ ചെയ്ത് 2018-ല്‍ ഉദ്ഘാടനം ചെയ്ത സമുച്ചയത്തില്‍ നിന്ന് എയര്‍ പ്രൊഡക്റ്റ്സ് ഇപ്പോള്‍തന്നെ ഭാരത് പെട്രോളിയത്തിനു വേണ്ടി വിതരണം നടത്തിവരുന്നുണ്ട്.
പെട്രോകെമിക്കല്‍സ് വിപണിയിലെത്താന്‍ ഭാരത് പെട്രോളിയത്തെ സഹായിക്കുന്നതിലും സിന്‍ഗ്യാസ് വിതരണം ചെയ്യുന്നതിലും തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എയര്‍ പ്രൊഡക്റ്റ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സമീര്‍ജെ സെര്‍ഹാന്‍ പറഞ്ഞു.
എയര്‍ പ്രൊഡക്ട്സ് വിതരണം ചെയ്യുന്ന സിന്‍ഗ്യാസ് പിഡിപിപി പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്നും അത് പ്രൊപെലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ വിപണിയില്‍ വന്‍ തോതില്‍ പ്രവേശിക്കുന്നതിനെ സഹായിക്കുമെന്നും ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന പറഞ്ഞു.
അക്രലിക്ആസിഡ്, ഓക്സോ ആള്‍ക്കഹോള്‍, അക്രലെറ്റ് തുടങ്ങിയവയാകും എയര്‍ പ്രൊഡക്ട്സ് വിതരണംചെയ്യുന്ന വാതകങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.