സമഗ്ര എഐ ഫിലിം മേക്കിങ്ങ് കോഴ്സുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: സമഗ്ര എഐ ഫിലിം മേക്കിങ്ങ് കോഴ്സുമായി സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പായ ‘സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ്’ വരുന്നു. സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങിന്‍റെ ഉദ്ഘാടനവും sostorytelling.com പോര്‍ട്ടലിന്‍റെ പ്രകാശനവും തെന്നിന്ത്യന്‍ സിനിമാതാരവും എംപിയുമായ കമല്‍ ഹാസന്‍ നിര്‍വഹിച്ചു. സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയറിയിച്ചു. കേരളം ലോകത്തിന് എന്നും മാതൃകയായിട്ടുള്ള അതിന്‍റെ സാമൂഹിക വികസന സൂചികയ്ക്കും കാലോചിതമായ സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുന്നതിനുള്ള ഇച്ഛാശക്തിക്കും ശക്തിപകരുന്ന വിധം ഒരു എഐ അധിഷ്ഠിത ഫ്യൂച്ചര്‍ സ്റ്റോറി ടെല്ലിങ്ങ് സ്കൂള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ആശംസയിലൂടെ അറിയിച്ചു. പ്രമുഖ എഐ ക്രിയേറ്റീവ് ഇന്‍ഡസ്ട്രി ട്രെയ്നറും ജെന്‍ എഐ സ്റ്റോറിടെല്ലറുമായ വരുണ്‍ രമേഷാണ് സംരംഭത്തിന് പിന്നില്‍. കൊച്ചി ആസ്ഥാനമായാണ് സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ് പ്രവര്‍ത്തിക്കുക. ഹൈബ്രിഡ് മാതൃകയിലുള്ള എഐ ഇന്‍റഗ്രേറ്റഡ് ഫിലിം മേക്കിങ്ങ് കോഴ്സുകളിലേക്ക് ആദ്യഘട്ടത്തില്‍ പ്രവേശനം നല്കുമെന്ന് വരുണ്‍ രമേഷ് പറഞ്ഞു. ടെക്നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്ത് പണിയെടുക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ സ്കൂള്‍ ഓഫ് സ്റ്റോറി ടെല്ലിങ്ങ് ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരും എഐ സാങ്കേതിക രംഗത്തെ പ്രമുഖരും അടങ്ങുന്ന ടീമിന്‍റെ ക്ലാസുകള്‍ സ്കൂളിനെ ആകര്‍ഷകമാക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ലൈവ് വര്‍ക്ക് ഷോപ്പുകള്‍ക്കും പുറമേ മലയാള സിനിമയിലെയും കണ്ടന്‍റ് ക്രിയേഷനിലെയും പ്രമുഖരുടെ എഐ ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകളും ഉണ്ടാവും. എഐ ഫിലിം മേക്കിങ്ങ് സമ്പൂര്‍ണ്ണ കോഴ്സിന് പിന്നാലെ എഐ സിനിമാട്ടോഗ്രാഫി, എഐ സ്ക്രീന്‍ റൈറ്റിങ്ങ്, എഐ വിഎഫ്എക്സ്, എഐ അനിമേഷന്‍ എന്നിങ്ങനെ സാങ്കേതിക മേഖലയിലെ പുതുതലമുറ കോഴ്സുകളും സ്കൂളിന്‍റെ ഭാഗമായി ഉണ്ടാവും. വിവരങ്ങള്‍ക്ക് hello@sostorytelling.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.