അഫ്ഗാന്‍ പ്രസിഡന്‍റ് യുഎസ് സന്ദര്‍ശനത്തിന്
കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘനി രണ്ടുദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പുറപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ജോ ബബൈഡന്‍, മറ്റ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍, പ്രതിനിധിസഭാംഗങ്ങള്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് കാബൂളില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒന്നാം വൈസ് പ്രസിഡന്‍റ് അമ്രുള്ള സാലേ, ദേശീയ അനുരഞ്ജനത്തിനായുള്ള കൗണ്‍സില്‍ മേധാവി അബ്ദുല്ല അബ്ദുല്ല, വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍, അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് എന്നിവരും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഘനിയോടൊപ്പമുണ്ട്. ബുധനാഴ്ച രാത്രിയാണ് അവര്‍ പുറപ്പെട്ടത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുതിയ അധ്യായം, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തല്‍, അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനയുടെ പിന്തുണ എന്നിവയെക്കുറിച്ച് ഘനി യുഎസ് ഭാഗവുമായി ചര്‍ച്ച നടത്തുമെന്ന് കാബൂളിലെ പ്രസിഡന്‍ഷ്യല്‍ പാലസ് അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ സാമ്പത്തിക വികസന മേഖലകളില്‍ യുഎസിന്‍റെ സഹകരണവും ഭീകരതയ്ക്കെതിരായ സംയുക്ത പോരാട്ടവും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യും.
യുഎസും നാറ്റോ സൈനികരും രാജ്യം വിടുന്ന സാഹചര്യത്തിലാണ് അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ യുഎസ് സന്ദര്‍ശനം. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. 3,500 യുഎസ് സൈനികരെയും 7,000 നാറ്റോ സൈനികരെയും സെപ്റ്റംബര്‍ 11 ന് മുമ്പ് പിന്‍വലിക്കും. പിന്‍വലിക്കല്‍ ആരംഭിച്ചതിനുശേഷം 70 ഓളം ജില്ലകള്‍ താലിബാന്‍റെ നിയന്ത്രണത്തിലേക്ക് മാറിയിട്ടുണ്ട്. പ്രധാന പാതകളടങ്ങുന്ന ജില്ലകള്‍ ഒന്നൊന്നായി തീവ്രവാദികളുടെ നിയന്ത്രണത്തിലാകുന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.