ഗര്‍ഭകാലത്ത് മലിനവായു ശ്വസിക്കുന്നത് ജനിക്കുന്ന കുട്ടികളില്‍ ആസ്തമയ്ക്ക് കാരണമാകും
1 min readവായുവിലെ അതിസൂക്ഷ്മമായ കണികകള്‍ (അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിള്‍-യുഎഫ്പി) ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു
ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവില്‍ മലിനവായു ശ്വസിക്കേണ്ടി വന്ന അമ്മമാരുടെ കുട്ടികള്‍ക്ക് പിന്നീട് ആസ്തമയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. അതിസൂക്ഷ്മമായ കണികകള്‍ (യുഎഫ്പി) ആരോഗ്യത്തിലുണ്ടാക്കുന്ന ആഘാതമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. സാധാരണയായി വായുമലിനീകരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ യുഎഫ്പി വരാറില്ല. എന്നാല്‍ സര്‍ക്കാര്‍ നിരന്തരമായി നിരീക്ഷിക്കുന്ന താരതമ്യേന വലിയ കണികകളേക്കാളും അപകടകാരിയും ആസ്തമയുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതും യുഎഫ്പി ആണ്.
വാഹനങ്ങളിലെ പുക, വിറക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക എന്നിവയടക്കം വിവിധ സ്രോതസ്സുകളിലൂടെയാണ് അന്തരീക്ഷത്തിലേക്ക് യുഎഫ്പി എത്തുന്നത്. നഗരങ്ങളിലെ ഒരു പഞ്ചസാര കണികയുടെ വലുപ്പമുള്ള വായുവില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് സൂക്ഷ്മകണികകളാണുള്ളത്. ഇവ ഗര്‍ഭിണികളുടെ ശ്വാസകോശത്തിലൂടെ രക്തത്തിലേക്ക് എത്തുകയും ഗുരുതരമായ അണുബാധയുണ്ടാക്കുകയും ചെയ്യും. മാത്രമല്ല ഇവ മറുപിള്ള കടന്ന് ഗര്‍ഭസ്ഥശിശുവിന്റെ രക്തത്തിലും എത്തിയേക്കാം.
മസ്തിഷകാര്‍ബുദം അടക്കമുള്ള മറ്റ് ഗുരുതര രോഗങ്ങള്‍ക്കും യുഎഫിപി കാരണമാകുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യത്തില്‍ ഇവയുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്നത് വായു മലിനീകരണം കുറയ്ക്കാനുള്ള കര്‍ശന നടപടികളെടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗവേഷകര്‍ . അന്തരീക്ഷത്തിലെ യുഎഫ്പി തോത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും അധികാരികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഉണ്ടാക്കുന്നതിനുള്ള ആദ്യപടിയാണ് തങ്ങളുടെ ഗവേഷണമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇകന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ റോസലിന്‍ഡ് റൈറ്റ് പറഞ്ഞു. കുട്ടികളിലെ ആസ്തമയെന്നത് ലോകത്തിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണെന്നും
വായുവിലെ മലിന കണികകള്‍ ശരീര കോശങ്ങളിലുണ്ടാക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് മുതിര്‍ന്നവരേക്കാള്‍ കൂടുതലായി ബാധിക്കുക കുട്ടികളെയാണെന്നും റൈറ്റ് പറഞ്ഞു. ശരീരത്തിലെ ഓക്‌സിഡേഷന്‍ ബാലന്‍സിനെ തകര്‍ക്കുന്ന ഏതൊരു കാര്യവും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെയുള്ള പ്രസവം, ജനന സമയത്തെ ഭാരക്കുറവ് എന്നിവയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതടക്കം വായു മലിനീകരണം ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുകവലി മൂലമുള്ള ഗര്‍ഭം അലസല്‍ പോലെ വായു മലിനീകരണം ഗര്‍ഭിണികള്‍ക്ക് ഹാനികരമാണെന്ന് 2019ല്‍ നടന്ന ഒരു പഠനവും കണ്ടെത്തിയിരുന്നു. മാത്രമല്ല, മറുപിള്ളയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മേഖലയില്‍ കഴിഞ്ഞിടെ വായു മലിനീകരണമുണ്ടാക്കുന്ന സൂക്ഷ്മ കണികകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ബോസ്റ്റണിലുള്ള നാനൂറോളം അമ്മമ്മാരെയും അവരുടെ കുട്ടികളെയും ഗര്‍ഭകാലത്തും പിന്നീടും നിരീക്ഷിച്ചാണ് പുതിയ പഠനം നടന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിരേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 0.1 മൈക്രോമീറ്ററില്‍ താഴെ വലുപ്പമുള്ള യുഎഫ്പിയുടേ തോത്, ഒരു ഘന സെന്റിമീറ്റര്‍ വായുവില്‍ 10,000ത്തിനും 40,000ത്തിനും ഇടയിലായിരിക്കും. ഗര്‍ഭകാലത്ത് 30,000/cm3 തോതില്‍ യുഎഫ്പി അടങ്ങിയ വായു ശ്വസിക്കേണ്ടി വന്ന അമ്മമാരുടെ കുട്ടികള്‍ക്ക് 15,000/cm3 തോതില്‍ അവയടങ്ങിയ വായു ശ്വസിക്കേണ്ടി വന്ന അമ്മമാരുടെ കുട്ടികളേക്കാള്‍ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഏകദേശം ആള്‍ത്തിരക്കില്ലാത്ത ഒരു റോഡില്‍ നിന്നും തിരക്കേറിയ ഒുൃരു റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ മലിനീകരണത്തിലുണ്ടാക്കുന്ന വ്യത്യാസത്തോളം വരുമിത്.
പൊതുവെ മൂന്ന് വയസ് പിന്നിട്ടതിന് ശേഷമാണ് കുട്ടികളില്‍ ആസ്ത്മ കണ്ടുവരുന്നത്. മൊത്തത്തില്‍ പതിനെട്ട് ശതമാനത്തോളം കുട്ടികള്‍ക്ക് ആസ്ത്മയുണ്ട്. അമ്മമാരുടെ പ്രായം, അമിതവണ്ണം പോലുള്ള മറ്റ് ഘടകങ്ങളും വായുവിലെ മറ്റ് മലിനവസ്തുക്കളും ഗവേഷകര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ യുഎഫ്പി സ്വന്തമായ നിലയിലുള്ള സ്വാധീനം ഗര്‍ഭസ്ഥശിശുക്കളില്‍ ഉണ്ടാക്കുന്നുണ്ടെന്ന് റൈറ്റ് പറഞ്ഞു. യുഎഫ്പി ഏല്‍ക്കേണ്ടി വരുന്നത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന ഗര്‍ഭകാലം ഗര്‍ഭസ്ഥശിശുവിന്റെ ലിംഗത്തിനനുസരിച്ച് വ്യത്യാസപ്പെടുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഈ സൂക്ഷ്മകണികകള്‍ ഹോര്‍മോണ്‍ സംവിധാനത്തിലുണ്ടാക്കുന്ന മാറ്റമായിരിക്കാം ഇതിന് കാരണം.
2019ല്‍ ടൊറന്റോയില്‍ നടന്ന മറ്റൊരു പഠനവും ഗര്‍ഭകാലത്ത് യുഎഫ്പി മാലിന്യങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതും ആസ്ത്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിച്ചിരുന്നു. 160,000ത്തോളം കുട്ടികളെയാണ് ഈ സംഘം പഠനവിധേയമാക്കിയത്. ഇവരുടെ കണ്ടെത്തലുകള്‍ക്ക് സമാനമായ കണ്ടെത്തലുകളാണ് പുതിയ പഠനത്തിലുമുള്ളത്. ഹൃദ്രോഗം, ശ്വാസകോശ രോഗം, അര്‍ബുദം എന്നിവയടക്കം യുഎഫ്പി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള തെളിവുകള്‍ വര്‍ധിച്ച് വരികയാണെന്ന് ടൊറോന്റോ പഠനത്തിന്റെ ഭാഗമായിരുന്ന മക്ഗില്‍ സര്‍വ്വകലാശാലയിലെ പ്രഫസര്‍ സ്‌കോട്ട് വീചെന്‍തല്‍ പറഞ്ഞു. സര്‍ക്കാര്‍ യുഎഫ്പി മലിനീകരണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ജനങ്ങള്‍ അത്തരം മാലിന്യങ്ങളില്‍ നിന്ന് കഴിയാവുന്നത്ര വിട്ട് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യപൂരിതമായി അന്തരീക്ഷത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിനൊപ്പം ആന്റി ഓക്‌സിഡന്റുകള്‍ ഉപയോഗിക്കുന്നതും മലിന വസ്തുക്കള്‍ മൂലം ഉണ്ടാകുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും.