ഗാസ: പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസ മുനമ്പില്‍ പലസ്തീന്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരാന്‍ രാജ്യം തീരുമാനിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഘട്ടനം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ആഹ്വാനം വന്നതിനു പിന്നാലെയാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. അക്രമത്തിന്‍റെ പാതവെടിഞ്ഞ് വെടിനിര്‍ത്തലിലേക്ക് നീങ്ങണമെന്ന് ബൈഡന്‍ നെതന്യാഹുവിനോട് ബുധനാഴ്ച പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നെതന്യാഹു ട്വിറ്ററില്‍ ഒരു വീഡിയോ പ്രസ്താവന ഇറക്കിയിരുന്നു. ഇസ്രയേല്‍ പൗരന്മാര്‍ക്ക് ശാന്തിയും സുരക്ഷയുംനല്‍കുന്നതിന് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതുവരെ നടപടിതുടരാന്‍ താന്‍ ദൃഢനിശ്ചയത്തിലാണെന്ന് അതില്‍ നെതന്യാഹു പറയുന്നു.
മെയ് 10 ന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും ഫോണില്‍ മൂന്നുതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇസ്രയേലിന്‍റെ തിരിച്ചിടിയില്‍ യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗാസയില്‍ 63 കുട്ടികളടക്കം 219 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വെസ്റ്റ് ബാങ്കില്‍ നാല് കുട്ടികളടക്കം 25 മരണങ്ങള്‍ സംഭവിച്ചു. പ്രധാനമായും വെസ്റ്റ് ബാങ്കിലും ഗാസയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റുഇസ്രയേലില്‍ രണ്ട് കുട്ടികളും ഒരു സൈനികനും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി ടെല്‍അവീവില്‍ അധികൃതര്‍ അറിയിച്ചു.
ഗാസ മുനമ്പില്‍ നിന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ റോക്കറ്റാക്രമണം നടത്തിയതാണ് ആക്രമണത്തിന് പ്രകോപനമായത്. തിരിച്ചടിച്ച ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ ഗാസയിലെ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തി. ഈ കെട്ടിടങ്ങള്‍ക്കു സമീപം നിന്നാണ് തീവ്രവാദികള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചിരുന്നത്. ജനങ്ങളെ മറയാക്കിയാണ് ഈഗ്രൂപ്പുകള്‍ ആക്രമണം നടത്തിയത്. ഇക്കാരണത്താലാണ് തിരിച്ചടിയില്‍ ആള്‍നാശമുണ്ടായത്.