വിലക്ക് തിങ്കളാഴ്ച അവസാനിക്കും; ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റുകളില്‍ ‘തിരക്ക് കൂട്ടി’ സൗദിക്കാര്‍
സൗദി അറേബ്യയില്‍ യാത്രാവിപണി ഉണരുന്നു
റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസ് തിങ്കളാഴ്ച പുനഃരാരംഭിക്കാനിരിക്കെ വിദേശാത്ര മോഹങ്ങളുമായി ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റുകളില്‍ സൗദിക്കാരുടെ ‘ഉന്തും തള്ളും’. വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങള്‍ തേടിയുള്ള സൗദിക്കാരുടെ അന്വേഷണങ്ങളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തി.
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടമായ വീഗോയില്‍ ജനുവരിയില്‍ വിമാനസര്‍വ്വീസ് പുനഃരംരാഭിക്കുമെന്ന പ്രഖ്യാപനമുണ്ടായ ശേഷം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ച തിരച്ചിലുകളില്‍ 52 ശതമാനവും ഹോട്ടല്‍ അന്വേഷണങ്ങളില്‍ 59 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മാത്രമല്ല, യാത്രാവിലക്ക് പിന്‍വലിച്ച് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും.
യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ വന്നിരിക്കുന്നത് ഈജിപ്തിലെ ലക്ഷ്യസ്ഥാനങ്ങളിലാണ്. ഫിലിപ്പീന്‍സ്, മൊറോക്കോ, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലും നിരവധി അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്. വിമാന സര്‍വ്വീസ് ലഭ്യത സംബന്ധിച്ച് വന്ന അന്വേഷിച്ചവരില്‍ 68 ശതമാനവും ഒറ്റയ്ക്ക് യാത്ര നടത്താന്‍ പദ്ധതിയിടുന്നവരാണ്. 20 ശതമാനം പേര്‍ കുടുംബവുമൊത്തും 12 ശതമാം പേര്‍ പങ്കാളിക്കൊപ്പവും യാത്ര പദ്ധതിയിടുന്നു.
പ്രാദേശിക ടൂറിസം മേഖലയുടെ വളര്‍ച്ച വീണ്ടെടുക്കുന്നതിലെ സുപ്രധാന നീക്കമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനഃരാരംഭിക്കുകയെന്നത് എന്ന് വീഗോയിലെ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യ വിഭാഗം മാനേജിംഗ് ഡയറക്ടര്‍ മാമൂന്‍ ഹംദേന്‍ പറഞ്ഞു. യാത്രികരുടെ വിശ്വാസം വീണ്ടെടുക്കും വിധം വളരെ മികച്ച രീതിയിലാണ് സൗദി അറേബ്യ പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്തതെന്നും നിരവധിയാളുകള്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഹംദേന്‍ അഭിപ്രായപ്പെട്ടു. സൗദിയില്‍ നിന്നും സൗദിയിലേക്കുമുള്ള വിമാന, ഹോട്ടല്‍ ബുക്കിംഗുകളിലെ വളര്‍ച്ച തുടര്‍ന്നും നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 2005ല്‍ സ്ഥാപിതമായ വീഗോയ്ക്ക് ദുബായിലും സിംഗപ്പൂരിലും ആസ്ഥാനമുണ്ട്. ഇവ കൂടാതെ ബെംഗളൂരു, ജക്കാര്‍ത്ത, കെയ്‌റോ എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുണ്ട്.
മേഖലയിലെ മറ്റൊരു പ്രധാന ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ സ്‌കൈസ്‌കാനറിറിലും അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ച അന്വേഷണങ്ങളില്‍ മേയ് മൂന്നിന് ശേഷം 147 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ വരെ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവരില്‍ ഏറെയും മനില, കെയ്‌റോ, ദുബായ്, ഇസ്താംബുള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രകളെ കുറിച്ചാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയിരിക്കുന്നത്.