Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രവാസികളുടെ കൂട്ടപ്പലായനം; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കല്‍ കുറഞ്ഞു

1 min read

കോവിഡ്-19 മൂലമുള്ള പിരിച്ചുവിടല്‍ മൂലം ഗള്‍ഫില്‍ ജോലി ചെയ്യുന്ന 1.2 ദശലക്ഷം മലാളികളാണ് കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് മടങ്ങിയെത്തിയത്

ദുബായ്: ലോകത്ത് പ്രവാസിപ്പണത്തിന്റെ രണ്ടാമത്തെ വലിയ സ്രോതസ്സായ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പ്രവാസിപ്പണത്തില്‍ കഴിഞ്ഞ വര്‍ഷം 17 ശതാനം ഇടിവുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട് പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് ഗള്‍ഫ് രാജ്യത്ത് നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വന്നതാണ് പ്രവാസിപ്പണത്തില്‍ വലിയ രീതിയിലുള്ള ഇടിവുണ്ടാകാനുള്ള പ്രധാന കാരണം. 2019ല്‍ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ 165 ബില്യണ്‍ ദിര്‍ഹം (45 ബില്യണ്‍ ഡോളര്‍) ഇന്ത്യയിലേക്ക് അയച്ചെന്നാണ് യുഎഇ കേന്ദ്രബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം അയച്ചത് അമേരിക്കയില്‍ നിന്നാണ്. 68 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. തുടര്‍സ്ഥാനങ്ങളില്‍ യുഎഇ(43 ബില്യണ്‍ ഡോളര്‍), സൗദി അറേബ്യ (34.5 ബില്യണ്‍ ഡോളര്‍), സ്വിറ്റ്‌സര്‍ലന്‍ഡ് (27.9 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (22 ബില്യണ്‍ ഡോളര്‍), ചൈന (18 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ്. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ വര്‍ഷം 7 ബില്യണ്‍ ഡോളറാണ് വിദേശങ്ങളിലേക്ക് പ്രവാസിപ്പണമായി ഒഴുകിയത്. 2019ല്‍ ഇത് 7.5 ബില്യണ്‍ ഡോളറായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 83 ബില്യണ്‍ ദിര്‍ഹമാണ് ഇന്ത്യയിലേക്ക് പ്രവാസിപ്പണമായി ഒഴുകിയെത്തിയത്. പകര്‍ച്ചവ്യാധി മൂലം ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ കെടുതികള്‍ കണക്കിലെടുക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ കേവലം 0.2 ശതമാനം കുറവ് മാത്രമാണ് ഉണ്ടായത്. 2019ല്‍ മൊത്തത്തില്‍ 83.3 ബില്യണ്‍ ഡോളറാണ് ഇന്ത്യയ്ക്ക് പ്രവാസിപ്പണമായി ലഭിച്ചത്.

അതേസമയം ഇതിന് നേര്‍ വിരുദ്ധമായി പാക്കിസ്ഥാനിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കില്‍ 17 ശതമാനം വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്നുമാണ് പാക്കിസ്ഥാനിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിയത്. യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നിവയാണ് പാക്കിസ്ഥാനിലെ മറ്റ് പ്രധാന പ്രവാസിപ്പണ സ്രോതസ്സുകള്‍. സമാനമായി ബംഗ്ലാദേശിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്കിലും കഴിഞ്ഞ വര്‍ഷം 18.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ശ്രീലങ്കയും പ്രവാസിപ്പണത്തില്‍ 5.8 ശതമാനം വളര്‍ച്ച നേടി.

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള പ്രവാസിപ്പണത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ ദക്ഷിണേഷ്യന്‍ മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയ പ്രവാസിപ്പണത്തില്‍ മൊത്തത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ 17 ശതമാനം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയെങ്കിലും അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തിയ പ്രവാസിപ്പണത്തിലൂടെ ഈ വിടവ് നികത്താനായതായും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തത്തിലുള്ള മൂല്യത്തില്‍ ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. 2008ലാണ് ഇന്ത്യ ആദ്യമായി ഈ ബഹുമതി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 59.5 ബില്യണ്‍ പ്രവാസിപ്പണം സ്വീകരിച്ച ചൈനയാണ് ഇന്ത്യക്ക് ശേഷം രണ്ടാംസ്ഥാനത്ത്. മെക്‌സികോ (42.8 ബില്യണ്‍ ഡോളര്‍), റഫിലിപ്പീന്‍സ്  (34.9 ബില്യണ്‍ ഡോളര്‍), ഈജിപ്ത്‌t (29.6 ബില്യണ്‍ ഡോളര്‍), പാക്കിസ്ഥാന്‍ (26 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (24.4 ബില്യണ്‍ ഡോളര്‍) ബംഗ്ലാദേശ്(21 ബില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് തുടര്‍സ്ഥാനങ്ങളില്‍

കൂടുതല്‍ നഷ്ടം കേരളത്തിന്

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിപ്പണത്തിലുണ്ടായ ഇടിവ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിനെയാണ്. കോവിഡ്-19നുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകളെ തുടര്‍ന്ന് ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം പേരാണ് കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധിക്ക് മുമ്പ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ മുപ്പത് ശതമാനവും എത്തിയിരുന്നത് ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള നാല് ദശലക്ഷത്തോളം പ്രവാസികളില്‍ നിന്നായിരുന്നു. തൊഴില്‍ നൈപുണ്യം കുറഞ്ഞ തൊഴിലാളികളെയാണ് പിരിച്ചിവിടല്‍ രൂക്ഷമായി ബാധിച്ചത്. അവരില്‍ നിന്നും കേരളത്തിലെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ലഭിച്ച് കൊണ്ടിരുന്ന വരുമാനം ശരാശരി 267 ഡോളറായി ചുരുങ്ങി.

 ഈ വര്‍ഷവും കുറയും 

ഈ വര്‍ഷവും ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ 3.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ലോകബാങ്ക് കണക്ക് കൂട്ടുന്നത്. ഉയര്‍ന്ന വരുമാനമുള്ള സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതും ജിസിസി രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുന്നതുമാണ് അതിന് കാരണം.

പ്രതികൂല അന്തരീക്ഷത്തിലും പ്രവാസിപ്പണത്തില്‍ കാര്യമായ ഇടിവ് ഉണ്ടാകാത്തതിലെ പ്രധാനഘടകങ്ങളില്‍ ഒന്ന് കുടുംബങ്ങളോടുള്ള വിധേയത്വവും തൊഴിലാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്തേജന നടപടികളുമാണ്. പ്രവാസിപ്പണത്തിന്റെ ഒഴുക്കിലുള്ള സ്ഥിരത എടുത്തുപറയേണ്ട കാര്യമാണെന്ന് കുടിയേറ്റവും പ്രവാസിപ്പണവും സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയ ദിലീപ് രത്‌ന പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ജീവിതമാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ള കുടുംബങ്ങളുടെ വര്‍ധിച്ച ആവശ്യകതയ്ക്ക് താങ്ങാവുന്നത് പ്രവാസിപ്പണമാണ്.

കുടിയേറ്റ തൊഴിലാളികളും അവരയക്കുന്ന പണവും ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ചെറിയൊരു കാര്യമല്ല ഇതെന്നും ദിലീപ് പറയുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലോകബാങ്ക് കുടിയേറ്റങ്ങളും പ്രവാസിപ്പണത്തിന്റെ ഒഴുക്കും നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടങ്ങളുമായും മറ്റ് പങ്കാളികളുമായും ചേര്‍ന്ന് പ്രവാസിപ്പണം സംബന്ധിച്ച് സമയബന്ധിതമായ കണക്കുകള്‍ തയ്യാറാക്കാനാണ് ശ്രമമെന്നും പ്രവാസിപ്പണത്തിന്റെ ഒഴുക്ക് കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ദിലീപ് പറഞ്ഞു.

Maintained By : Studio3