സിന്‍ജിയാങ്ങ്: ഇന്ത്യക്ക് ഒരു നയമുണ്ടാകേണ്ടത് അനിവാര്യം
1 min readപ്രാരംഭ ഘട്ടത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത മുസ്ലീം മതഗ്രന്ഥങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടി.ഒളിച്ചുവെച്ച മതഗ്രന്ഥങ്ങള്‍, ഡിവിഡികള്‍, ഓഡിയോ കാസറ്റുകള്‍, മതപരമായ വസ്തുക്കള്‍ അടങ്ങിയ മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെത്താന്‍ ചൈനീസ് അധികൃതര്‍ ഉയ്ഗര്‍ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും മോശമായ അടിച്ചമര്‍ത്തലുകളിലൊന്നായി ഈ കാമ്പെയ്ന്‍ പരിണമിച്ചു
ന്യൂഡെല്‍ഹി: സാമ്പത്തിക വളര്‍ച്ച, സൈനിക ശക്തി, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍, ഉല്‍പ്പാദന ശക്തി എന്നിവയില്‍ ആഗോള ശക്തികളുമായാണ് ചൈന ഇന്ന് മത്സരിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ആ രാജ്യം നേടിയ സാമ്പത്തിക വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതുതന്നെയാണ്. ഇത് ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കി. അതേസമയം, ചൈനീസ് സര്‍ക്കാര്‍ അവരുടെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്ക് പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത് നിന്നും മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുമുണ്ട്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് സ്വയംഭരണ പ്രദേശത്ത് താമസിക്കുന്ന ഉയ്ഗര്‍മാര്‍ക്കെതിരായ അവരുടെ അടിച്ചമര്‍ത്തല്‍ നയം ഇതിനുദാഹരണമാണ്.
മധ്യ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ മംഗോളിയ, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിന്‍ജിയാങ്ങിലെ 12 ദശലക്ഷത്തിലധികം വരുന്ന ഒരു ന്യൂനപക്ഷ വിഭാഗമാണ് ഉയ്ഗറുകള്‍. ഉയിഗറുകള്‍ തുര്‍ക്കിഭാഷ സംസാരിക്കുന്നവരാണ്. മധ്യേഷ്യയുമായി അവര്‍ നാഗരിക വേരുകള്‍ പങ്കിടുന്നു. സിന്‍ജിയാങ്ങിലെ ഭൂരിപക്ഷമാണ് ഉയ്ഗറുകള്‍. കാലക്രമേണ, ചൈനീസ് സര്‍ക്കാര്‍ നടത്തിയ വ്യവസ്ഥാപിത ജനസംഖ്യാ വ്യതിയാനം ഈ പ്രദേശത്ത് താമസിക്കുന്ന മറ്റ് വംശീയ വിഭാഗങ്ങളുടെ അനുപാതത്തില്‍ അവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. 2010 ല്‍ നടത്തിയ സെന്‍സസ് പ്രകാരം സിന്‍ജിയാങ്ങിലെ മൊത്തം ജനസംഖ്യയുടെ 45.85 ശതമാനം ഉയ്ഗര്‍മാരാണ്. മറ്റ് ഗ്രൂപ്പുകളായ ഹാന്‍ 40.48 ശതമാനവും കസാക്കുകള്‍ 6.5 ശതമാനവും ഹുയി 4.5 ശതമാനവും മറ്റ് വംശങ്ങള്‍ 2.67 ശതമാനവുമാണ്.
ഹാന്‍ വിഭാഗത്തിന്‍റെ വിശ്വാസമനുസരിച്ച് അവരുടെ സാംസ്കാരിക, മത, രാഷ്ട്രീയ വിശ്വാസങ്ങളെ ഏകീകൃതമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ഉയ്ഗര്‍മാരെ കൂട്ടത്തോടെ തടങ്കലില്‍ വയ്ക്കുകയാണ്. ഇത് വ്യാപകമായ പ്രതിഷേധമാണ് ആഗോളതലത്തില്‍ സൃഷ്ടിക്കുന്നത്. നിര്‍ബന്ധിത വന്ധ്യംകരണം; തടങ്കല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലെ പീഡനവും വധശിക്ഷയും; ടാര്‍ഗെറ്റുചെയ്ത ഉപദ്രവം ഇതെല്ലാം ഈ ജനതക്കുമേല്‍ നടക്കുന്നു.
മുസ്ലീം ലോകത്ത് ചൈന സഖ്യകക്ഷികളെ കണ്ടെത്തി, ഈ രാജ്യങ്ങള്‍ സിന്‍ജിയാങ്ങിലെ നടപടികളെ പരസ്യമായോ നിശബ്ദമായോ അംഗീകരിക്കുന്നു. സൈനിക, സാമ്പത്തിക, നയതന്ത്ര വൈദഗ്ധ്യത്തോടെ ചൈനയ്ക്ക് ഈ രാജ്യങ്ങളെ നിശബ്ദരാക്കാന്‍ കഴിഞ്ഞു. ചൈനയുടെ നയതന്ത്ര ശ്രമങ്ങള്‍ കാരണം പല രാജ്യങ്ങളും സിന്‍ജിയാങ്ങില്‍ നിശബ്ദത പാലിക്കുന്നു. അല്ലെങ്കില്‍ ബെയ്ജിംഗിനെ പിന്തുണയ്ക്കുന്നു. പാശ്ചാത്യ ലോകത്തിന് പുറത്തുള്ള ഗുരുതരമായ വിമര്‍ശനങ്ങളും നയതന്ത്ര വെല്ലുവിളികളും തടയാന്‍ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും ചൈനീസ് സര്‍ക്കാരിനെ സഹായിച്ചു. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങളും മനുഷ്യാവകാശ ഗ്രൂപ്പുകളും രാജ്യത്തിന്‍റെ സിന്‍ജിയാങ് നയത്തെക്കുറിച്ച് നിരന്തരം അന്വേഷിക്കുകയും അതിന്‍റെ നിരവധി ക്രൂരതകള്‍ തുറന്നുകാട്ടുകയും ചെയ്തു.
2014 ല്‍ ആരംഭിച്ച ‘അക്രമ തീവ്രവാദത്തിനെതിരായ കാമ്പെയ്നി’ന്‍റെ ഭാഗമായി ചൈന ഉയിഗറുകളില്‍ ഒരു സിനിക്കൈസേഷന്‍ കാമ്പെയ്ന്‍ നടത്തി. ചൈനീസ് വംശജരല്ലാത്തവരെ ചൈനീസ് സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍ കൊണ്ടുവരുന്നതാണ് സിനിക്കൈസേഷന്‍ കാമ്പെയ്ന്‍. പ്രചാരണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത മുസ്ലീം മതഗ്രന്ഥങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടി.ഒളിച്ചുവെച്ച മതഗ്രന്ഥങ്ങള്‍, ഡിവിഡികള്‍, ഓഡിയോ കാസറ്റുകള്‍, മതപരമായ വസ്തുക്കള്‍ അടങ്ങിയ മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെത്താന്‍ ചൈനീസ് അധികൃതര്‍ സിന്‍ജിയാങ്ങിലെ ഉയ്ഗര്‍ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും മോശമായ അടിച്ചമര്‍ത്തലുകളിലൊന്നായി ഈ കാമ്പെയ്ന്‍ പരിണമിച്ചു. 2017 ആയപ്പോഴേക്കും ചൈന ഏകദേശം 2 ദശലക്ഷം ഉയ്ഗര്‍മാരെ തടങ്കല്‍ കേന്ദ്രങ്ങളിലാക്കി. പാശ്ചാത്യര്‍ ഇതിനെ തടങ്കല്‍പാളയങ്ങള്‍എന്നാണ് വിശേഷിപ്പിക്കുന്നത്. ചൈന സിന്‍ജിയാങ്ങില്‍ 1,200 ഓളം തടങ്കല്‍ കേന്ദ്രങ്ങള്‍ അധികൃതര്‍ സ്ഥാപിച്ചതായാണ് കണക്ക്. 2017 ഏപ്രില്‍ മുതല്‍ ഇതിനായി 108 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. തിങ്ങിനിറഞ്ഞ ഈ ക്യാമ്പുകളില്‍ തടവുകാരെ പീഡിപ്പിക്കുന്നു. അവരെ മാന്‍ഡാരിന്‍ ഭാഷ പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുമുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് സിന്‍ജിയാങ്. നിരീക്ഷണം രാജ്യത്തുടനീളം വ്യാപകമാണെങ്കിലും, സിന്‍ജിയാങ്ങില്‍ ഇത് കര്‍ശനമാണ്.
ഉയ്ഗര്‍മാരുടെ മൊബീല്‍ ഫോണുകളില്‍ അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്പൈവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വെചാറ്റില്‍ ഖുറാന്‍ വാക്യങ്ങള്‍ പങ്കിടല്‍ അല്ലെങ്കില്‍ അവരുടെ ഉപകരണങ്ങളില്‍ വാട്ട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യാം.
2009ല്‍ ഹാന്‍ വംശജര്‍ സിന്‍ജിയാങ്ങിലേക്ക് കുടിയേറുന്നതിനെതിരെ യുഗറുകള്‍ സംഘടിപ്പിച്ച പ്രതിഷേധം കലാപത്തിലേക്ക് വഴിതുറന്നിരുന്നു.അതില്‍ 200 പേര്‍ കൊല്ലപ്പെട്ടു. ഈ കലാപമാണ് ബെയ്ജിംഗിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഉയ്ഗറിലെ മുഴുവന്‍ ജനങ്ങളെയും തീവ്രവാദികളായി കണക്കാക്കാന്‍ ഭരണകൂടം തയ്യാറെടുത്തു.ചൈന സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് (ഐസിസിപിആര്‍), സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി (ഐസിഇസിആര്‍) എന്നിവയില്‍ ഒപ്പിട്ടതാണ് .
1966 ഡിസംബര്‍ 16 ന് യുഎന്‍ പൊതുസഭ അംഗീകരിച്ച ഐസിസിപിആറിന്‍റെ ആര്‍ട്ടിക്കിള്‍ 7, പൗരന്മാരെ പീഡിപ്പിക്കുകയോ ക്രൂരമായി പെരുമാറുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.അനുവാദമില്ലാതെ മനുഷ്യര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതും ഇത് നിരോധിച്ചിരിക്കുന്നു. സിന്‍ജിയാങ്ങിലെ അധികാരികള്‍ ഇതും ഐസിസിപിആറിന്‍റെ മറ്റ് പല വ്യവസ്ഥകളും വ്യക്തമായി ലംഘിക്കുന്നു.
2017 ല്‍ ചൈന പാശ്ചാത്യ മാധ്യമങ്ങളില്‍ ആദ്യമായി ഉയ്ഗര്‍മാരെ തടവിലാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, തടങ്കല്‍പ്പാളയങ്ങളുടെ നിലനില്‍പ്പ് നിഷേധിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ പ്രചാരണ യന്ത്രങ്ങളുടെ തന്ത്രം.ക്രമേണ, ക്യാമ്പുകളുടെ നിലനില്‍പ്പിനെക്കുറിച്ചും തടവുകാരോട് മോശമായി പെരുമാറുന്നതിനെക്കുറിച്ചും നിരന്തരമായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോള്‍ ചൈന അതിന്‍റെ തന്ത്രം മാറ്റി. ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് ഒടുവില്‍ അത് അംഗീകരിക്കേണ്ടിവന്നു, പക്ഷേ ഈ സൗകര്യങ്ങളെ ‘പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍’ അല്ലെങ്കില്‍ തീവ്രവാദംതടയുന്നതിനുള്ള സ്കൂളുകള്‍ എന്ന് അവര്‍ പരാമര്‍ശിച്ചു.
ഈ സാഹചര്യത്തില്‍ ചൈനയുടെ സിന്‍ജിയാങ് നയത്തില്‍ ഇന്ത്യക്ക് ഒരു നിലപാട് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇന്ത്യ മറ്റ് ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം ചേരുകയാണ് മികച്ച ഒരു മാര്‍ഗം. അത്തരമൊരു ശ്രമത്തിന് തീര്‍ച്ചയായും പ്രത്യാഘാതങ്ങള്‍ ഉണ്ടാകും, എന്നാല്‍ ഈ വിഷയത്തില്‍ ചൈനയുടെ ദൃഢനിശ്ചയം പരിശോധിക്കുന്നതിന് ഇതിന് കഴിയും. കൂടാതെ ഒരുപക്ഷേ ബെയ്ജിംഗില്‍ നിന്നുള്ള പരസ്പര സഹകരണം ഉറപ്പാക്കുന്നതിന് ഇതിനെ പ്രേരകശക്തിയായും ഉപയോഗിക്കാം.
ആദ്യപടിയായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ബെയ്ജിംഗിനെ അപലപിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിക്കാം. ഉയ്ഗര്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ ന്യൂ ഡെല്‍ഹിക്ക് ഒരു വേദി ഒരുക്കാം. മാലിദ്വീപ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ ഈ ഒരു നിലപാട് സ്വീകരിക്കാന്‍ ന്യൂഡെല്‍ഹിക്ക് നയതന്ത്ര വൈദഗ്ധ്യം ഉപയോഗപ്പെടുത്താം.ഇന്ത്യയെപ്പോലെ ഈ രാജ്യങ്ങളും ഔദ്യോഗികമായി നിശബ്ദത പാലിച്ചവയാണ്. ന്യൂഡെല്‍ഹി ധാക്കയെയും മാലിദ്വീപും ഈ നിലപാട് സ്വീകരിച്ചാല്‍ ആഭ്യന്തര ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇസ്ലാമാബാദില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ചൈനയുടെ വര്‍ദ്ധിച്ച പ്രകോപനവും കണക്കിലെടുക്കുമ്പോള്‍, നയതന്ത്ര ആയുധപ്പുരയില്‍ ഉയ്ഗര്‍ കാര്‍ഡ് ചേര്‍ക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.