കോവിഡ് മാനേജ്മെന്‍റ് : ഇന്ത്യയുടെ വിലയിരുത്തല്‍ പാളിയെന്ന് ഫൗച്ചി
1 min read- ആഗോള മഹാമാരിയാണിത്. പ്രതികരണവും ആഗോളതലത്തിലാകണം
- ഇന്ത്യ വളരെ നേരത്തെ തുറന്നുകൊടുത്തെന്നും ഫൗച്ചി
ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരിയുടെ വ്യാപനം വിലയിരുത്തുന്നതില്‍ ഇന്ത്യക്ക് പിഴവ് പറ്റിയെന്ന് ലോകപ്രശസ്ത സാംക്രമിക രോഗ വിദഗ്ധനും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ആന്‍റണി ഫൗച്ചി.
കോവിഡ് മഹാമാരിയുടെ ഭീഷണിയെ ഇന്ത്യ അതിജീവിച്ചെന്ന തരത്തില്‍ തെറ്റായ വിലയിരുത്തലാണുണ്ടായത്. രാജ്യം വളരെ നേരത്തെ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് തുറന്ന് നല്‍കുന്നതിലേക്കും അത് വഴിവെച്ചു. എന്നാല്‍ വലിയ ദുരന്തത്തിലേക്കാണ് ഇത് വഴിവെച്ചത്-യുഎസിലെ ടോപ് ആരോഗ്യ വിദഗ്ധന്‍ വ്യക്തമാക്കി.
അപ്രതീക്ഷിതമായാണ് കോവിഡ് രണ്ടാം വരവ് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെയും വാക്സിന്‍റെയും ഓക്സിജന്‍റെയും ആശുപത്രി ബെഡ്ഡുകളുടെയും എല്ലാം കടുത്ത ക്ഷാമത്തിലേക്ക് രാജ്യമെത്തി.
ഇന്ത്യയില്‍ കോവിഡിന്‍റെ രൂക്ഷത ആദ്യഘട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞെന്ന തെറ്റായ നിഗമനത്തിലേക്കാണ് രാജ്യം എത്തിയത്. അതാണ് ഇത്തരമൊരു അവസ്ഥയിലേക്കെത്തിച്ചത്-ഫൗചി പറയുന്നു.
യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസസ് ഡയറക്റ്റര്‍ കൂടിയാണ് ഫൗചി. ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ ഒരു പാഠമായിരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ലോകത്ത് നിന്ന് കോവിഡ് മഹാമാരിയെ തുടച്ചുനീക്കാതെ ഈ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്ക കരുതരുതെന്നും ഫൗചി പറഞ്ഞു.
അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണവിധേയമായ അവസ്ഥയിലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.