ഓത്മാന്‍ അല്‍ജേദയെ അരാമെക്‌സിന്റെ പുതിയ സിഇഒ ആയി നിയമിച്ചു
ഏപ്രില്‍ അവസാനം രാജിവെച്ച ബാഷര്‍ ഒബെയ്ദിന് പകരമാണ് അല്‍ജേദയുടെ നിയമനം
ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ അരാമെക്‌സിന്റെപുതിയ സിഇഒ ആയി ഓത്മാന്‍ അല്‍ജേദയെ നിയമിച്ചു. ഏപ്രില്‍ 29ന് കമ്പനി ബോര്‍ഡിന് മുമ്പാകെ രാജി സമര്‍പ്പിച്ച ബാഷര്‍ ഒബെയ്ദിന് പകരക്കാരനായാണ് അല്‍ജേദ എത്തുന്നത്.
1994ല്‍ അരാമെക്‌സില്‍ എത്തിയ അല്‍ജേദ ഇതിന് മുമ്പ് കമ്പനിയില്‍ നിരവധി നേതൃ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. അല്‍ജേദയുടെ പ്രവര്‍ത്തനം ജിസിസി, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ കമ്പനിയുടെ ബിസിനസ് മെച്ചപ്പെടുത്തിയതായി അരാമെക്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. 2007നും 2017നും ഇടയില്‍ അരാമെക്‌സിന്റെ ഏഷ്യയിലെ ആദ്യ പ്രാദേശിക ഓഫീസിന് നേതൃത്വം നല്‍കിയതും ഹോങ്കോംഗിലും സിംഗപ്പൂരിലുമടക്കം സുപ്രധാന ഹബ്ബുകള്‍ ആരംഭിച്ച് കമ്പനിയുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും അല്‍ജേദയാണ്. 2015ല്‍, ഓസ്‌ട്രേലിയയിലെ മെയില്‍ കോളിനെ അരാമെക്‌സ് ഏറ്റെടുത്തതിലും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമുള്ള ഫാസ്റ്റ് വേ കൊറിയര്‍ ഏറ്റെടുപ്പിലും അല്‍ജേദ നിര്‍ണായക പങ്ക് വഹിച്ചു.
2017ല്‍ അരാമെക്‌സിന്റെ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ വിഭാഗം സിഇഒ ആയി അല്‍ജേദ നിയമിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം സിഇഒ പദവിക്ക് പുറമേ, ആറുമാസത്തേക്ക് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അല്‍ജേദ പ്രവര്‍ത്തിച്ചിരുന്നു. അല്‍ജേദയുടെ അറിവും അനുഭവപരിചയവും കമ്പനിയുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യവും സുപ്രധാന വിപണികളില്‍ തുടര്‍ന്നും ആധിപത്യം നിലനിര്‍ത്താനും കൂടുതല്‍ വളരാനും അരാമെക്‌സിനെ സഹായിക്കുമെന്ന് അരാമെക്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ഷംസി പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി അരാമെക്‌സിനൊപ്പം ഉണ്ടായിരുന്ന അല്‍ജേദ അരാമെക്‌സ് ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലും ഏഷ്യയിലും യൂറോപ്പിലും കമ്പനിയുടെ പ്രവര്‍ത്തനവും വ്യാപിപ്പിക്കുന്നതിനും വലിയ പങ്ക് വഹിച്ചതായി പുറത്തുപോകുന്ന സിഇഒ ബാഷര്‍ ഒബെയ്ദ് പ്രതികരിച്ചു.
കമ്പനിയുടെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനും മൂല്യം ഉയര്‍ത്തുന്നതിനും വരുംവര്‍ഷങ്ങളില്‍ അരാമെക്‌സ് ടീമിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അല്‍ജേദ പറഞ്ഞു.