October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫണ്ട് തിരിമറി: ഖത്തര്‍ ധനമന്ത്രിയെ ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തു

2013 ജൂണില്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തര്‍ ഭരണാധികാരിയായി നിയമിതനായതിന് പിന്നാലെയാണ് അല്‍ എമാദി ധനമന്ത്രിയാകുന്നത്

ദോഹ: ഫണ്ട് തിരിമറിയും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച ആരോപണങ്ങളില്‍ ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമദിയെ ചോദ്യം ചെയ്യലിനായി അറസ്റ്റ് ചെയ്തു. അറ്റോര്‍ണി ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി

. ആരോപണത്തില്‍ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചതായി ഖത്തറിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എമദിയെ മന്ത്രിപദവിയില്‍ നിന്നും വിമുക്തനാക്കി കൊണ്ട് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി  ഉത്തരവ് പുറത്തിറക്കി. എമദിയുടെ അഭാവത്തില്‍ ധനമന്ത്രിയുടെ അധിക ചുമതല വഹിക്കാന്‍ ഷേഖ് തമീം വ്യാപാര, വ്യാവസായിക മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിയോട് ആവശ്യപ്പെട്ടു. അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും ഖത്തറില്‍ ഉന്നത വ്യക്തികള്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും ഷേഖ് തമീമിന് കീഴില്‍ ഇത്തമൊരു ആരോപണം നേരിടുന്ന ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള വ്യക്തിയാണ് എമദി.

2013 ജൂണില്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തര്‍ ഭരണാധികാരിയായി നിയമിതനായതിന് പിന്നാലെയാണ് അല്‍ എമദി ധനമന്ത്രിയാകുന്നത്. അതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷവും അദ്ദേഹം തന്നെയായിരുന്നു ഖത്തര്‍ ധനമന്ത്രി.

ഖത്തറിലെ ധനകാര്യമേഖലയിലെ കരുത്തുറ്റ വ്യക്തിത്വമായാണ് അല്‍ എമദി അറിയപ്പെടുന്നത്. 2007നും 2013നും ഇടയില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് സിഇഒ ആയിരുന്ന അദ്ദേഹം രാജ്യത്ത് മാത്രമായി ഒതുങ്ങിക്കൂടിയിരുന്ന ബാങ്കിനെ മേഖലയിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നാക്കി മാറ്റിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു. നിലവില്‍ ഈ ബാങ്കിന്റെ ഡയറക്ടര്‍ ചെയര്‍മാനും അല്‍ എമദിയാണ്. ഖത്തറിലെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേസിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡ് പ്രസിഡന്റായ എമദി രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ ബോര്‍ഡംഗവുമാണ്.

കഴിഞ്ഞിടെ, അല്‍ എമദിയുടെ ജനപ്രീതിയിലുള്ള ഇടിവ് സംബന്ധിച്ച അഭ്യൂഹങ്ങളെ തുടര്‍ന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദേശ ധനകാര്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുകയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ധനകാര്യ മന്ത്രിയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഖത്തറിന്റെ ഡോളര്‍ ബോണ്ടുകളില്‍ തകര്‍ച്ച രേഖപ്പെടുത്തി. 2050 വരെ കാലാവധിയുള്ള ബോണ്ടിലെ വരുമാനം 5 ബേസിസ് പോയിന്റ് ഇടിഞ്ഞ് 3.4 ശതമാനമായി കുറഞ്ഞു. വാരാന്ത്യമായതിനാല്‍ രാജ്യത്തെ ഓഹരി വിപണി രണ്ട് ദിവസത്തേക്ക് അടച്ചുു.

Maintained By : Studio3