തെരഞ്ഞെടുപ്പ്: പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമെന്ന് സോണിയ
1 min read
ന്യൂഡെല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിര്‍ഭാഗ്യകരവും നിരാശാജനകവും തികച്ചും അപ്രതീക്ഷിതവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി പറഞ്ഞു. മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സംസ്ഥാനത്തും അധികാരം നേടാന്‍ കഴിഞ്ഞില്ല. ആകെ ആശ്വാസമായത് തമിഴ്നാടാണ്.അവിടെ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിലായിരുന്നു മത്സരിച്ചത്. ഇക്കാരണത്താല്‍ 18 സീറ്റുകളില്‍ വിജയം നേടാനായി.
“നിര്‍ഭാഗ്യവശാല്‍, എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശാജനകമായിരുന്നു’ വെര്‍ച്വല്‍ മീറ്റിംഗിനിടെ എംപിമാരെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. ഫലങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി.സിഡബ്ല്യുസി ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഉടന്‍ തന്നെ യോഗം ചേരുന്നുണ്ട്. ഈ തിരിച്ചടിയില്‍നിന്ന് പാര്‍ട്ടി ഉചിതമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെയും സോണിയ ഗാന്ധി അഭിനന്ദിച്ചു. പാര്‍ട്ടി ഫലങ്ങള്‍ പഠിക്കുമെന്നും തെറ്റുകള്‍ തിരുത്തുമെന്നും മെയ് 2 ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.”ഫലങ്ങളും എല്ലാ കാരണങ്ങളും കോണ്‍ഗ്രസ് തീര്‍ച്ചയായും പഠിക്കും, ഞങ്ങളുടെ തെറ്റുകള്‍ തിരുത്താനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”അന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമല്ലെന്ന് മനസ്സിലാക്കുന്നു.പ്രത്യേകിച്ച് അസമിലെയും കേരളത്തിലെയും ഫലങ്ങള്‍ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിലെ അന്തിമവാക്കാണ് ജനവിധി എന്ന് സുര്‍ജേവാല പറഞ്ഞു. പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ജനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജനാധിപത്യപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.അത് ഞങ്ങള്‍ വിനയത്തോടും ഉത്തരവാദിത്തബോധത്തോടും കൂടി സ്വീകരിക്കുന്നതായും സുര്‍ജേവാല പറഞ്ഞിരുന്നു.