ആസാദ് സമാജ് പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
ലക്നൗ: ഭീം ആര്‍മി പ്രസിഡന്‍റ് ചന്ദ്ര ശേഖറിന്‍റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാര്‍ട്ടി ഇപ്പോള്‍ 2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ‘മുസാഫര്‍നഗറില്‍ 43 വാര്‍ഡുകളില്‍ ഏഴിലും ആസാദ് സമാജ് പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. സഹാറന്‍പൂര്‍, ബിജ്നോര്‍, കാണ്‍പൂര്‍, ഇറ്റാവ, ഫത്തേപൂര്‍, കനൗജ്, ഗോരഖ്പൂര്‍, ബല്‍റാംപൂര്‍, ബസ്തി, ആസാംഗഡ്, സുല്‍ത്താന്‍പൂര്‍, ഉനാവോ, ലക്ലെ അംബേദ്കര്‍ നഗര്‍, അലിഗഡ് എന്നിവിടങ്ങളിലും ഞങ്ങള്‍ വിജയം കണ്ടു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ആളുകള്‍ പിന്തുണയ്ക്കുന്നുവെന്ന് ഇത് കാണിക്കുന്നു, “ചന്ദ്ര ശേഖര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്‍റെ പാര്‍ട്ടിയുടെ പിന്തുണയോടെ നൂറിലധികം സ്ഥാനാര്‍ത്ഥികള്‍ ഗ്രാമപ്രധാന്‍ സീറ്റുകള്‍ നേടിയിട്ടുണ്ടെന്നും ഭീം ആര്‍മി മേധാവി അവകാശപ്പെട്ടു.
ജില്ലാ ഭരണകൂടങ്ങള്‍ ന്യായമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തങ്ങളുടെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ഉടന്‍ ആരംഭിക്കാന്‍ അദ്ദേഹം എല്ലാ വിജയികളോടും ആവശ്യപ്പെട്ടു .
‘പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ഞങ്ങള്‍ ശക്തി പരീക്ഷിക്കുകയായിരുന്നു, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വരും മാസങ്ങളില്‍ തന്‍റെ പാര്‍ട്ടി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും’് ചന്ദ്ര ശേഖര്‍ പറഞ്ഞു.
പോലീസുമായുള്ള പതിവ് ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ‘ഞാന്‍ എല്ലായ്പ്പോഴും പോലീസില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുന്ന ആളാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം പോലും എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിനാല്‍ പോലീസ് കേസുകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല.ഞങ്ങള്‍ പിന്നോട്ട് പോകില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.