November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഷന്‍ 2030 പരിഷ്‌കാരങ്ങള്‍ സൗദിയുടെ സാമ്പത്തിക വീണ്ടെടുപ്പിന് ശക്തി പകര്‍ന്നു: ഐഎംഎഫ്

1 min read

രാജ്യത്തെ ധനകാര്യ മേഖലയുടെ പ്രകടനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്

റിയാദ്: വിഷന്‍ 2030 നയങ്ങള്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകര്‍ന്നതായി അന്താരാഷ്ട്ര നാണ്യനിധി. അടുത്ത വര്‍ഷം സൗദി അറേബ്യ അഞ്ച് ശതമാനത്തിനടുത്ത് സാമ്പത്തിക വളര്‍ച്ച നേടുമെന്നും അന്താരാഷ്ട്ര നാണ്യനിധി പ്രവചിച്ചു.

കോവിഡ്-19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് വളരെ വേഗത്തിലുള്ളതും വിവേകപൂര്‍ണവുമായ ഇടപെടലാണ് സൗദി നടത്തിയത്. വിഷന്‍ 2030 പദ്ധതിക്ക് കീഴിലുള്ള പരിഷ്‌കാരങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം മറികടക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ രീതിയിലുള്ള പിന്തുണ നല്‍കിയതായി സൗദിയുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണ്യനിധി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം സൗദി സമ്പദ് വ്യവസ്ഥ 2.1 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എണ്ണവിലത്തകര്‍ച്ചയ്‌ക്കൊപ്പം പകര്‍ച്ചവ്യാധി കൂടി തിരിച്ചടിയായതോടെ കഴിഞ്ഞ വര്‍ഷം വളര്‍ച്ച കുത്തനെ താഴെപ്പോയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം 4.8 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുന്നതോടെ സൗദി സമ്പദ് വ്യവസ്ഥ ‘v’ ആകൃതിയിലുള്ള തിരിച്ചുവരവ് നടത്തുമെന്നും ഐഎംഎഫ് പ്രവചിച്ചു. സാമ്പത്തിക വീണ്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും ഉപഭോക്തൃ വിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറഞ്ഞത് അതിന്റെ സൂചനയാണ്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഭാവി വളര്‍ച്ചയില്‍ നിര്‍ണായകമെന്ന് കരുതപ്പെടുന്ന എണ്ണ ഇതര മേഖലയുടെ വളര്‍ച്ച ഈ വര്‍ഷം 3.9 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം ഈ മേഖലയില്‍ 3.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം എണ്ണവില ഉയരുന്നതോടെ സൗദിയുടെ ഇന്ധന മേഖലയിലെ ജിഡിപി വളര്‍ച്ച അടുത്ത വര്‍ഷം 6.8 ശതമാനമായി കുതിച്ചുയരുമെന്നും ഐഎംഎഫ് കരുതുന്നു.

രാജ്യത്തെ ധനകാര്യ മേഖലയുടെ പ്രകടനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. രാജ്യത്തെ ധനകാര്യ മേഖല വളരെ മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. ഇക്വിറ്റി, കടപ്പത്ര വിപണികളിലെ പരിഷ്‌കാരങ്ങള്‍ നല്ല രീതിയില്‍ തുടരുന്നതായും ഫണ്ട് വ്യക്തമാക്കി. വിദേശ നാണ്യ കരുതല്‍ ശേഖരവും ശക്തമായ നിലയിലാണ്. എന്നാല്‍ പരിഷ്‌കാരങ്ങളുടെ വേഗത വര്‍ധിപ്പിക്കണമെന്ന് അന്താരാഷ്ട്ര നാണ്യനിധി സൗദി അറേബ്യയിലെ നയരൂപകര്‍ത്താക്കളോട് ആവശ്യപ്പെട്ടു. ശക്തവും സ്ഥിരതയുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതും പരിസ്ഥിതി സൗഹൃദവുമായ വളര്‍ച്ച നേടുന്നതിനായി ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കണമെന്ന് ഫണ്ട് അഭിപ്രായപ്പെട്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് വര്‍ധിപ്പിക്കുന്നതിനായി സമീപകാലത്തായി സൗദി സ്വീകരിച്ച നയങ്ങളെയും ഐഎംഎഫ് അഭിനന്ദിച്ചു. പൊതുമേഖലയുടെ ഇടപെടലുകളിലൂടെ പുതിയ, റിസ്‌ക് കൂടി മേഖലകളിലേക്ക് കടന്നുചെല്ലാനുള്ള സ്വകാര്യ മേഖലയുടെ വിമുഖത കുറയുമെന്നും എന്നാലത് വളരെ ശ്രദ്ധയോടെ നടപ്പിലാക്കേണ്ട കാര്യമാണെന്നും ഐഎംഎഫ് ഓര്‍മ്മിപ്പിച്ചു.

ആഗോള പ്രതിസന്ധിയുടെ കാലത്ത് നല്ല നേട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ സൗദി സര്‍ക്കാര്‍ കൈവരിച്ച വിജയമാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ദാന്‍ പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ കെടുതികള്‍ക്കും എണ്ണവിലയിലെ ചഞ്ചാട്ടങ്ങള്‍ക്കും ഗുരുതരമായ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ആഗോളതലത്തില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് തകര്‍ച്ചയ്ക്കും മറ്റ് വെല്ലുവിളികള്‍ക്കും ഇടയിലാണ് സൗദി സര്‍ക്കാര്‍ ഈ നേട്ടം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3