കമല്‍ഹാസനെ പരാജയപ്പെടുത്തിയത് ബിജെപി സ്ഥാനാര്‍ത്ഥി
രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം തമിഴകത്ത് താമരവിരിഞ്ഞു
ചെന്നൈ: 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ വീണ്ടും താമര വിരിഞ്ഞു. ബിജെപിയുടെ നാല് സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എല്‍ മുരുകന്‍ പറഞ്ഞു. 1996 ല്‍ പാര്‍ട്ടിക്ക് ഒരു നിയമസഭാംഗവും 2001 ല്‍ നാലുപേരും തമിഴ്നാട് നിയമസഭയില്‍ ഉണ്ടായിരുന്നു.മൊഡകുറിച്ചിയില്‍ നിന്നുള്ള സി സരസ്വതി, നാഗര്‍കോവിലില്‍ിന്നും എം ആര്‍ ഗാന്ധി, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള വാനതി ശ്രീനിവാസന്‍, തിരുനെല്‍വേലിയില്‍ നിന്നുള്ള നൈനാര്‍ നാഗേന്ദ്രന്‍ എന്നിവരാണ് ബിജെപിക്കുവേണ്ടി വിജയം നേടിയത്. ഇരുപത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. പിന്തുണച്ച എല്ലാ സഖ്യകക്ഷികള്‍ക്കും ജനങ്ങള്‍ക്കും മുരുകന്‍ നന്ദി പറഞ്ഞു.
ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മത്സരം കോയമ്പത്തൂര്‍ സൗത്ത് സീറ്റിലേതായിരുന്നു. ബിജെപി വനിതാ വിഭാഗം ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസന്‍ ഇവിടെ നേരിട്ടത് മക്കള്‍ നീതി മയ്യം നേതാവും താരവുമായ കമല്‍ ഹാസനെയാണ്. 1540 വോട്ടുകള്‍ക്കാണ് വാനതി ശ്രീനിവാസന്‍ ഇവിടെ വിജയിച്ചത്. തിരുനെല്‍വേലി നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ നൈനാര്‍ നാഗേന്ദ്രന്‍ ഡിഎംകെ നേതാവ് എഎല്‍എസ് ലക്ഷ്മണനെയാണ് പരാജയപ്പെടുത്തിയത്. നാഗേന്ദ്രന്‍, ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.നാഗര്‍കോവിലില്‍ നിയമസഭാ മണ്ഡലത്തില്‍ ഡിഎംകെ എതിരാളി എന്‍. സുരേഷ് രാജനെക്കാള്‍ 9,857 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എം ആര്‍ ഗാന്ധി വിജയിച്ചത്. പാര്‍ട്ടി വനിതാ നേതാവും മെഡിക്കല്‍ ഡോക്ടറുമായ ഡോ. സി സ്വരസ്വതി ഡിഎംകെ സ്ഥാനാര്‍ത്ഥി സുബ്ബലക്ഷ്മി ജഗദീശനെ 1,244 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.