സുപ്രീം കോടതി ചോദിക്കുന്നു എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് രണ്ട് വില?
1 min read- വാക്സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
- വാക്സിനായി കേന്ദ്രം 4500 കോടി രൂപ നല്‍കിയതാണെന്ന് കോടതി
- വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പ്പിക്കരുതെന്നും നിര്‍ദേശം
ന്യൂഡെല്‍ഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതി. വാക്സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വാക്സിന്‍റെ വിലനിര്‍ണയവും വിതരണവും കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു.
വാക്സിന്‍ വാങ്ങുന്നത് സംസ്ഥാനങ്ങളാണെങ്കിലും കേന്ദ്രമാണെങ്കിലും ആത്യന്തികമായി അത് പൗരډാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് മനസിലാക്കണമെന്ന് കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിന്‍റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ദേശീയ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത് എന്നും കോടതി ആരാഞ്ഞു.
ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വാക്സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാത്തതിന് കാരണമെന്തെന്നും കോടതി ചോദിച്ചു. വാക്സിന്‍ സംഭരണം കേന്ദ്രീകൃതമാക്കി വാക്സിന്‍ വിതരണം വികേന്ദ്രീകൃതമാക്കണമെന്ന ക്രിയാത്മകമായ നിര്‍ദേശമാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചത്.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് 50 ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏത് സംസ്ഥാനത്തിന് എത്രമാത്രം വാക്സിന്‍ ലഭിക്കണമെന്നത് സംബന്ധിച്ച് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ്. ഇതിലെ യുക്തിയില്ലായ്മയെയും കോടതി ചോദ്യം ചെയ്തു. വാക്സിന്‍ വിഹിതം നല്‍കുന്നത് സംബന്ധിച്ച അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
വാക്സിന് വികസിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് 4500 കോടി രൂപ കേന്ദ്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന് വാക്സിന് മേല്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ട് വിലയ്ക്ക് വാക്സിന്‍ വില്‍ക്കുന്നതിന്‍റെ യുക്തിയില്ലായ്മയെ കുറിച്ചും കോടതി ചോദ്യമുയര്‍ത്തി. എന്തുകൊണ്ടാണ് വാക്സിന് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു വില ഈടാക്കുന്നതെന്നും ഇതിന് പിന്നിലെ യുക്തി എന്താണെന്നും കോടതി ചോദിച്ചു. നിരക്ഷരരായി ആളുകളുടെ വാക്സിന്‍ റജിസ്ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി അന്വേഷിച്ചു.
ഒത്തുചേരലിന് വിലക്ക്
അതേസമയം മേയ് ഒന്ന് മുതല്‍ നാല് വരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനമോ കൂടിച്ചേരലോ പാടില്ലെന്നും കോടതി പറഞ്ഞു.
മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തുമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനം ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.