‘ഷോട്ട്ഗണ്‍’ പാറ്റന്റ് അപേക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തുന്നത് നിരവധി തവണ കണ്ടെത്തിയിരുന്നു
ന്യൂഡെല്‍ഹി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ഷോട്ട്ഗണ്‍ എന്ന പേരിന് പാറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡില്‍നിന്ന് പുറത്തുവരുന്ന 650 സിസി ക്രൂസറായിരിക്കും ഷോട്ട്ഗണ്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ ഈ മോട്ടോര്‍സൈക്കിള്‍ പരീക്ഷണ ഓട്ടം നടത്തുന്നത് നിരവധി തവണ കണ്ടെത്തിയിരുന്നു.
വൃത്താകൃതിയുള്ള ഹെഡ്‌ലാംപുകള്‍, വലിയ വൈസര്‍, മെലിഞ്ഞ ഇന്ധന ടാങ്ക്, അലോയ് വീലുകള്‍ എന്നിവ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി ക്രൂസറില്‍ നല്‍കുമെന്ന് ചാരന്‍മാര്‍ക്ക് ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളേക്കാള്‍ വീല്‍ബേസ് കൂടുതലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്പ്ലിറ്റ് സീറ്റുകള്‍, ട്വിന്‍ പൈപ്പ് എക്‌സോസ്റ്റ് സിസ്റ്റം, വൃത്താകൃതിയുള്ള ടെയ്ല്‍ ലാംപുകള്‍, വൃത്താകൃതിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പിറകില്‍ തടിച്ച ഫെന്‍ഡര്‍ എന്നിവ നല്‍കും. ഫൂട്ട്‌പെഗുകള്‍ മുന്നിലേക്കായി സ്ഥാപിക്കും. അകലമുള്ള ഹാന്‍ഡില്‍ബാര്‍ നല്‍കും.
ലക്ഷണമൊത്ത ക്രൂസര്‍ മോഡലുകളില്‍ കാണുന്നതുപോലെ മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് വ്യാസമുള്ള ചക്രങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈ പ്രൊഫൈല്‍ ടയറുകള്‍ ഉപയോഗിക്കും. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ഡിസ്‌ക് ബ്രേക്കുകള്‍, ഡുവല്‍ ചാനല്‍ എബിഎസ് സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവ സവിശേഷതകളായിരിക്കും.
റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്ന 649 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ 650 സിസി ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 47 പിഎസ് കരുത്തും 52 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. ഫ്‌ളൈയിംഗ് ഫ്‌ളി, റോഡ്‌സ്റ്റര്‍, ഹണ്ടര്‍, ഷെര്‍പ്പ തുടങ്ങിയ പേരുകള്‍ റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.